വടകര: ട്രെയിൻ മാർഗം കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്ന ശേഖരവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ജാർഖണ്ഡ് സ്വദേശി സഫറുദ്ദീൻ അൻസാരിയാണ് റെയിൽവേ സംരക്ഷണ സേനയുടെയും (ആർ.പി.എഫ്) പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ വലയിലായത്.
ട്രെയിൻ വടകര സ്റ്റേഷനിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ലഹരി അടങ്ങിയ ബാഗുകൾ ഇയാൾ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലിറങ്ങിയ പ്രതിയെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനും ട്രാക്കിൽ നടത്തിയ പരിശോധനയ്ക്കും ഒടുവിലാണ് ഉപേക്ഷിച്ച ലഗേജുകൾ കണ്ടെടുത്തത്. പരിശോധനയില്‍ ഏകദേശം 110 കിലോഗ്രാം നിരോധിത ലഹരി ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ ഏകദേശം 1,10,000 രൂപയോളം വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതിയെയും വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
