വടകരയിൽ ഗതാഗത നിയന്ത്രണം ദുരിതമാകുന്നു; 6 മാസം കഴിഞ്ഞിട്ടും ഓവുചാൽ നിർമാണം തുടങ്ങിയില്ല

news image
Sep 17, 2025, 3:20 am GMT+0000 payyolionline.in

വടകര ∙ ദേശീയപാതയിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം 6 മാസത്തിലധികമായി തുടരുന്ന ഗതാഗത നിയന്ത്രണം ദുരിതമാകുന്നു. സ്റ്റാൻഡിൽ അസൗകര്യമുണ്ടാക്കുന്നതിനു പുറമേ അനുബന്ധ റോഡുകളിൽ ഗതാഗതക്കുരുക്കും ഉണ്ടാക്കുകയാണ് ഈ അശാസ്ത്രീയ നടപടി. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു കടന്നു പോകാൻ ബസ് സ്റ്റാൻഡിന്റെ കിഴക്കു ഭാഗം കയ്യേറി റോഡ് നിർമിച്ചതാണു പ്രശ്നം. നേരത്തേയുള്ള വഴിയിൽ റോഡിനു കുറുകെ ഓവുപാലം നിർമിക്കാൻ പൊളിച്ചെന്ന കാരണം പറഞ്ഞാണു വാഹനങ്ങൾ ഇതു വഴി തിരിച്ചു വിട്ടത്. എന്നാൽ മാസങ്ങളായിട്ടും ഓവുചാൽ നിർമാണം തുടങ്ങിയിട്ടില്ല.

ഇവിടെ കോൺക്രീറ്റ് ചെയ്യാൻ ഭാഗികമായി സ്ഥാപിച്ച ഇരുമ്പു കമ്പികൾ തുരുമ്പെടുത്തു. എന്നിട്ടും പണി തുടങ്ങിയിട്ടില്ല. സ്റ്റാൻഡിന്റെ ഒരു വശത്തു കൂടെ പോകുന്ന വാഹനങ്ങൾ ശ്രീമണി ബിൽഡിങ്ങിനു മുൻപിൽ എടോടി – പുതിയ സ്റ്റാൻഡ് റോഡിലേക്കാണു കയറുന്നത്. ഈ റോഡിൽ നിന്നും സ്റ്റാൻഡിലൂടെയും വരുന്ന വാഹനങ്ങൾ സമീപത്തെ ജംക്‌ഷനിൽ എത്തിയാൽ മിക്കപ്പോഴും ഗതാഗതക്കുരുക്കിൽപെടും. സ്റ്റാൻഡിൽ പണിത താൽക്കാലിക റോഡിൽ വെള്ളം കെട്ടി നിൽക്കും. മഴ പെയ്താൽ ഗതാഗതം ദുസ്സഹമാകും. ഈ പ്രശ്നം ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടും ഓവുചാൽ പണിതു ഗതാഗതം സുഗമമാക്കാൻ നടപടിയായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe