കാലവർഷത്തിന് മുന്നോടിയായി പെയ്ത ഒറ്റമഴയിൽത്തന്നെ വടകരയിൽ ദേശീയപാതയോരങ്ങൾ വെള്ളക്കെട്ടിലായി. ഓവുചാലുകൾ അടഞ്ഞുകിടക്കുന്നതും സർവീസ് റോഡുകളുടെ തകർച്ചയുമാണ് പ്രധാന വില്ലൻ. നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണ് കൂട്ടിയിട്ടിടങ്ങളിൽ ചെളിക്കെട്ട് രൂപപ്പെട്ടത് കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വരാനിരിക്കുന്ന കാലവർഷം വടകരയെ പ്രളയസമാനമായ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കരിമ്പനപ്പാലം മുതൽ പുതുപ്പണം വരെ റോഡിൽ വലിയ കുഴികളിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. കിഴക്കുഭാഗത്ത് പൈലിങ് ജോലികൾ നടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ വഴികളില്ലാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു. ചോറോടിൽ സർവീസ് റോഡിലെ വെള്ളവും ചെളിയും വീടുകളിലേക്ക് കുത്തിയൊഴുകുന്ന സ്ഥിതിയാണ്. ഓവുചാലുകളുടെ ദ്വാരങ്ങൾ അടഞ്ഞതോടെ വെള്ളം മുഴുവൻ ജനവാസമേഖലയിലേക്കാണ് മറിയുന്നത്. വടകര ബൈപ്പാസ്, ആശ ആശുപത്രി പരിസരം, നാരായണനഗർ എന്നിവിടങ്ങളിലും ഓവുചാലുകൾ പ്രവർത്തനരഹിതമായതിനാൽ റോഡുകൾ തോടുകളായി മാറി. മഴ കനക്കുന്നതിന് മുൻപ് നിർമ്മാണക്കമ്പനിയും അധികൃതരും അടിയന്തരമായി ഇടപെട്ട് ഡ്രെയിനേജ് സംവിധാനം പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
