കോഴിക്കോട്: ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ചതിലെ വൈരാഗ്യത്താലാണ് യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി.
അറസ്റ്റിലായ തൃശൂർ തിരുവില്വാമല സ്വദേശി കുതിരംപാറക്കൽ അബ്ദുൽ സനൂഫാണ് (28) പ്രാഥമിക ചോദ്യംചെയ്യലിനിടെ പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. മലപ്പുറം വെട്ടത്തൂർ സ്വദേശി കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാൻ വീട്ടിൽ ഫസീലയുടെ (33) മരണവുമായി ബന്ധപ്പെട്ടാണ് അബ്ദുൽ സനൂഫിനെ വെള്ളിയാഴ്ച വൈകീട്ടോടെ ചെന്നൈയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചയോടെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ ഫസീലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തേ ഫസീല ഒറ്റപ്പാലത്ത് നൽകിയ ബലാത്സംഗക്കേസിൽ സനൂഫ് മൂന്നുമാസത്തോളം ജയിലിലായെങ്കിലും പിന്നീട് ഇരുവരും വീണ്ടും സുഹൃത്തുക്കളായി. തുടർന്നാണ് ഞായറാഴ്ച കോഴിക്കോട്ടെത്തി എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്തത്.
ഒരുമിച്ച് താമസിക്കവെ ബലാത്സംഗക്കേസ് പരസ്പരം പറഞ്ഞുതീർത്തെന്ന് കാട്ടി കരാറിൽ ഒപ്പിടണമെന്ന് സനൂഫ് ആവശ്യപ്പെട്ടെങ്കിലും ഫസീല തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഫസീലയെ കിടക്കയിലേക്ക് തള്ളിയിട്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. മരണം ഉറപ്പായതോടെ മുറിപൂട്ടി ഇയാൾ രക്ഷപ്പെട്ടു.
പ്രതിയെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങി കൊലപാതകം നടന്ന ലോഡ്ജ് മുറിയിലുൾപ്പെടെ തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.