ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്; രണ്ടുപേർ കസ്റ്റഡിയിൽ, 40,000 രൂപ പിടികൂടി

news image
Jan 4, 2025, 10:46 am GMT+0000 payyolionline.in

തിരുവല്ല : തിരുവല്ലയിലെ തോട്ടഭാഗത്ത് ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40,000 രൂപയും പിടിച്ചെടുത്തു.

തോട്ടഭാഗം ജങ്ഷനിൽ പ്രവർത്തിക്കുന്ന ബി.എസ്.എ എന്ന കടയിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. കടയുടമ പുറമറ്റം പഴൂർ ഇലവുങ്കൽ വീട്ടിൽ ബിനു ചെറിയാനെയും സഹായി കോട്ടയം സ്വദേശി അഭിഷേകിനെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

റെയ്ഡിൽ ഇടപാടുകാരുടെ പേര് വിവരങ്ങൾ അടങ്ങുന്ന ഡയറി മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ബിനു ചെറിയാന്റെ ഉടമസ്ഥതയിൽ കോഴഞ്ചേരി, ഇരവിപേരൂർ, വെണ്ണിക്കുളം, ഓമല്ലൂർ, ഇലന്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോട്ടറി കടകൾ കേന്ദ്രീകരിച്ചും റെയ്ഡ് തുടരുകയാണ്.

ബിനു ചെറിയാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഒറ്റ നമ്പർ ലോട്ടറി ഇടപാട് നടക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe