തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എട്ട് മണ്ഡലങ്ങളിൽ അടക്കം രാജ്യത്ത് 151 സീറ്റുകളിൽ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) മത്സരിക്കുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ്. 19 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിട്ടാണ് 151 മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. ബംഗാളിൽ ആകെയുള്ള 42 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്. മിനി (തിരുവനന്തപുരം), ട്വിങ്കിൾ പ്രഭാകരൻ (കൊല്ലം), ആർ. അർജുനൻ (ആലപ്പുഴ), വി.പി. കൊച്ചു മോൻ (കോട്ടയം), കെ. ബിമൽജി (മാവേലിക്കര), എ. ബ്രഹ്മകുമാർ (എറണാകുളം), ഡോ. എം. പ്രദീപൻ (ചാലക്കുടി), ഡോ. എം. ജ്യോതിരാജ് (കോഴിക്കോട്) എന്നിവരാണ് കേരളത്തിലെ സ്ഥാനാർഥികൾ.
അസമത്വവും പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിക്കുന്ന ബി.ജെ.പി സർക്കാരിനെ പുറത്താക്കുക എന്നതാണ് ഇന്നത്തെ രാജ്യത്തിന്റെ മുന്നിലുള്ള സുപ്രധാന ദൗത്യം. ജനസമരത്തിന്റെ രാഷ്ട്രീയ കർത്തവ്യം നിറവേറ്റുന്ന എസ്.യു.സി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണം. കുത്തകകൾക്ക് വേണ്ടി രാജ്യം മുടിക്കുന്ന ബി.ജെ.പി ഭരണത്തെ പുറത്താക്കുക. ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണ് മുദ്രാവാക്യമെന്നും പ്രൊവാഷ് ഘോഷ് വ്യക്തമാക്കി.