വില്യാപ്പള്ളി: സത്യവും അഹിംസയും മുറുകെപ്പിടിച്ചുകൊണ്ട് ഒരു രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിക്കൊടുക്കാം എന്ന് പ്രവർത്തനത്തിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത മഹാത്മാജിയെ ലോകം ആദരിക്കുമ്പോൾ നമ്മുടെ രാജ്യം അദ്ദേഹത്തെ തിരസ്കരിക്കുന്ന നടപടികളിലാണ് സ്വീകരിച്ചു വരുന്നത് എന്ന് കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വില്യാപ്പള്ളിയിൽ ബാലജനതയുടെ ആഭിമുഖ്യത്തിൽ നടന്ന ബാല കലോത്സവത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്യാപ്പള്ളി എം ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വർണശബളമായ ഘോഷയാത്രയിൽ ഗാന്ധിജിയെ സ്മരിക്കുന്ന വിവിധതരം നിശ്ചലദൃശ്യങ്ങൾക്ക് പുറമേ ബാൻഡ് വാദ്യം, കോൽക്കളി, കളരിപ്പയറ്റ്, ദഫ് മുട്ട്, ശിങ്കാരിമേളം, ചെണ്ട വാദ്യം, പൂക്കാവടി, ഡിജെ നൃത്തങ്ങൾ എന്നിവയുടെ അകമ്പടിയോട് നീങ്ങിയ ഘോഷയാത്രയിൽ ബാലജനത പ്രവർത്തകർക്കൊപ്പം കേരളീയ വേഷം ധരിച്ച വനിതകളും പുരുഷന്മാരും അണിനിരന്നു. ഘോഷയാത്രയ്ക്ക് ബാലജനത വിദ്യാർത്ഥി ജനത നേതാക്കന്മാരായ ശ്യാമിൽ ശശി, ദേവദത്ത് ,ഗൗതം സുരേഷ്, അമയ , ദേവനന്ദ, അമൽ ദാസ് എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനത്തിൽ പി കെ പവിത്രൻ അധ്യക്ഷത വഹിച്ചു. വിസ്മയ മുരളീധരൻ, ദിയ ബിജു, സ്നേഹിൽ, ശശി എന്നിവർ സംസാരിച്ചു. കോൽക്കളി, കളരിപ്പയറ്റ്, സംഗീതശില്പം, നൃത്ത നൃത്യങ്ങൾ എന്നിവയ്ക്ക് പുറമേ ഗാന്ധി വിളക്ക് എന്ന നാടകവും സ്റ്റേജിൽ അരങ്ങേറി.