പാലക്കാട്: ലൈസൻസില്ലാതെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ച സംഭവത്തിൽ ഉടമക്ക് 5,000 രൂപ പിഴ. പാലക്കാട് ട്രാഫിക് എൻഫോഴ്സ്മെന്റിന്റെയാണ് നടപടി. ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് സുരേന്ദ്രന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ കണ്ടെത്തി എൻഫോഴ്സ്മെന്റ് വിഭാഗം നടപടിയെടുത്തത്.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രൻ ട്രാക്ടർ ഓടിച്ചത്. ഇതിനെതിരെ എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഫസൽ മുഹമ്മദ് പാലക്കാട് എസ്.പി ആർ.ആനന്ദിന് പരാതി നൽകിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയിൽനിന്നും പിഴയിടാക്കുകയുമായിരുന്നു.