ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. നേരത്തെ നൽകിയ ഇടക്കാല ജാമ്യം ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് കോടതി സ്ഥിരമാക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി.എൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് തീരുമാനമെടുത്തത്. 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്ന ശിവശങ്കർ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്ന് ആഗസ്റ്റിലാണ് ജയിൽ മോചിതനാകുന്നത്. ഇതിന് ശേഷം രണ്ടു തവണ സുപ്രീം കോടതി ജാമ്യം നീട്ടി നൽകിയിരുന്നു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. നട്ടെല്ല് പൊടിയുന്ന രോഗമാണെന്നും സുഷുമ്ന നാഡിയെയും ബാധിച്ചിട്ടുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.