കൊച്ചി: സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുകയോ കൈവശം കരുതുകയോ ചെയ്താൽ പിന്നീട് അവരെ സ്വകാര്യബസിൽ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ഡ്രൈവർമാർ കരുതണമെന്ന നിബന്ധനയും നടപ്പാക്കാൻ തീരുമാനിച്ചതായി അറിയിച്ചു.
സ്വകാര്യ ബസിലെ പല ഡ്രൈവർമാരും ലഹരി ഉപയോഗിച്ചെന്ന കേസുകളിൽ പ്രതികളാണെന്നും സിറ്റി പോലീസ് കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.
വാഹനാപകടങ്ങൾക്ക് കാരണം എന്താണെന്ന് ഇതിൽനിന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരേ കർശനനടപടി ഉണ്ടാകണമെന്നും നിർദേശിച്ചു. നഗരത്തിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിന്റെ തുടർച്ചയായിട്ടാണ് കർശന നടപടികൾക്ക് കോടതി നിർദേശം നൽകിയത്. എം.ജി. റോഡിലെ നടപ്പാതകളുടെ ജോലികൾ ജൂൺ 30-നകം പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചു.