ലഹരിമരുന്ന് കടത്ത്: യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി പൊലീസ്

news image
Mar 29, 2025, 1:44 pm GMT+0000 payyolionline.in

കോഴിക്കോട്: ലഹരിമരുന്ന് കടത്തിയ യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി പൊലീസ്. ഇയാളുടെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരി പറമ്പിൽ സിറാജിന്റെ (30) വീടും സ്ഥലവുമാണ് ടൗൺ പൊലീസ് കണ്ടുകെട്ടിയത്.

മലപ്പുറം ജില്ലയിലെ ചെറുകാവിൽ പ്രതിയും കുടുംബവും താമസിക്കുന്ന വീട്, 4.5 സെന്റ് സ്ഥലം, സ്കൂട്ടർ എന്നിവ കണ്ടുകെട്ടുകയും ആക്സിസ് ബാങ്കിന്റെ മലാപ്പറമ്പ് ശാഖയിൽ പ്രതിയുടെ പേരിലുള്ള അക്കൗണ്ടിലെ 15,085 രൂപയും പ്രതിയുടെ അമ്മയുടെ അക്കൗണ്ടിലെ 33,935 രൂപയും ഉൾപ്പെടുന്ന അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ആനിഹാൾ റോഡിൽനിന്നും ടൗൺ പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ 778 ഗ്രാം എംഡിഎംഎയുമായി സിറാജ് പിടിയിലാവുകയായിരുന്നു. മുംബൈയിൽനിന്നും ഡൽഹിയിൽനിന്നും വസ്ത്രങ്ങൾ കൊണ്ടുവന്ന് വിവിധ കടകളിൽ വിൽക്കുന്നതിന്റെ മറവിലാണ് സിറാജ് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നത്. 2020ൽ ഹിമാചൽ പ്രദേശിലെ ബോന്തർ പൊലീസ് സ്റ്റേഷനിൽ എൽഎസ്ഡി, എംഡിഎംഎ, ലഹരി ഗുളികൾ എന്നിവയുമായി അറസ്റ്റിലായ പ്രതി 10 മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി മരുന്ന് വ്യാപാരം തുടങ്ങിയപ്പോഴാണ് കോഴിക്കോട് വച്ച് എംഡിഎംഎയുമായി പിടിയിലായത്.
ഡൽഹി, ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പ്രതി എന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ആഡംബര ജീവിതം നയിച്ചിരുന്ന പ്രതി നിലവിൽ കോഴിക്കോട് ജില്ലാ ജയിലിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe