ന്യൂഡൽഹി: ലക്ഷദ്വീപിലെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം ഒഴിവാക്കിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. നോൺ വെജ് ആയി മീനും മുട്ടയും ലക്ഷദ്വീപ് ഭരണകൂടം നിലനിർത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ലക്ഷദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിലും ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ചിക്കനും ബീഫും ഒഴിവാക്കിയത് നയപരമായ തീരുമാനം എന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വാദം. സര്‍ക്കാറിന്‍റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ, കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഉച്ചഭക്ഷണത്തില്‍നിന്ന് മാംസാഹാരം വിലക്കിയ നടപടി ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹരജി തള്ളിയ കേരള ഹൈകോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.