കോട്ടയം: കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. കല്ലേലിൽ കെ ജെ ജോൺസൺ എന്നയാളെയാണ് കിണറ്റിൽ തള്ളിയിട്ടത്. ജോൺസണെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്. ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ല. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ജോൺസൺ. ആ സമയത്താണ് ജിതിൻ എത്തുന്നത്.ഫോണിൽ സംസാരിക്കുകയായിരുന്ന ജോൺസണെ ജിതിൻ യാതൊരു പ്രകോപനവുമില്ലാതെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവമറിഞ്ഞ് ആളുകളെത്തിയപ്പോഴേക്കും ജിതിൻ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയും ജോൺസന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.