റേഞ്ചില്‍ വഞ്ചന വേണ്ട; കവറേജ് മാപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

news image
Nov 25, 2024, 12:25 pm GMT+0000 payyolionline.in

ദില്ലി: രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളും കവറേജ് മാപ്പ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. മികച്ച ടെലികോം സേവനം ഉറപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ട്രായ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

മൊബൈല്‍ ഫോണുകള്‍ക്ക് പലയിടങ്ങളിലും റേഞ്ച് ലഭിക്കുന്നില്ലെന്നും സേവനം ഇടയ്ക്ക് തടസപ്പെടുന്നുമുള്ള ഉപഭോക്താക്കളുടെ പരാതികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ട്രായ്. നെറ്റ്‌വര്‍ക്ക് സേവനം എവിടെയൊക്കെയാണ് ലഭ്യമെന്ന കവറേജ് മാപ്പ് ഓരോ ടെലികോം കമ്പനികളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ട്രായ് നിര്‍ദേശിച്ചു. വയര്‍ലെസ് വോയ്‌സ് സേവനവും ബ്രോഡ്‌ബാന്‍ഡ് കണക്റ്റിവിറ്റിയും ലഭ്യമായ സ്ഥലങ്ങളുടെ മാപ്പാണ് പ്രസിദ്ധീകരിക്കേണ്ടത്. 2G/ 3G/ 4G/ 5G എന്നിങ്ങനെ വിവിധ തരത്തിലുള്ള നെറ്റ്‌വര്‍ക്കുകള്‍ക്ക് പ്രത്യേകം നിറങ്ങള്‍ നല്‍കി ഈ മാപ്പുകളില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടാകണം. സിഗ്‌നലിന്‍റെ കരുത്തും ഭൂപടങ്ങളിലുണ്ടാകണം. ഈ കവറേജ് ഭൂപടം കൃത്യമായി കമ്പനികള്‍ അപ്‌ഡേറ്റ് ചെയ്യണം. ഓരോ കമ്പനികളുടെ വെബ്‌സൈറ്റില്‍ ഹോം പേജിലോ ലാന്‍ഡിംഗ് പേജിലോ വളരെ പ്രാധാന്യത്തോടെ മാപ്പ് പ്രസിദ്ധീകരിക്കണം. ട്രായ് അടുത്തിടെ പുതുക്കിയ ക്വാളിറ്റി ഓഫ് സര്‍വീസ് (QoS) ചട്ടങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ നിര്‍ദേശം.

 

മൊബൈല്‍ നെറ്റ്‌വര്‍ക്ക് കവറേജിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത് ക്വാളിറ്റി ഓഫ് സര്‍വീസില്‍ പ്രധാനമാണ്. ഇത്തരം വിവരങ്ങള്‍ ടെലികോം കമ്പനികള്‍ നല്‍കുന്നത് കണ്‍സ്യൂമര്‍മാരെ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ സഹായിക്കും എന്നും ട്രായ് നിര്‍ദേശത്തില്‍ പറയുന്നു. കവറേജ് മാപ്പില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാനും പരാതികള്‍ ബോധിപ്പിക്കാനും വെബ്‌സൈറ്റുകളില്‍ ഫീഡ്‌ബാക്ക് സംവിധാനം ഒരുക്കണമെന്ന നിര്‍ദേശവും ട്രായ് പുറപ്പെടുവിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe