റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങ് ഫീസ് വർധിക്കും; ഹെൽമറ്റ് അധികതുക നൽകി പ്രത്യേകം സൂക്ഷിക്കാം

news image
Apr 2, 2025, 11:37 am GMT+0000 payyolionline.in

റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ്ങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ. ഇരുപതു മുതൽ മുപ്പതു ശതമാനം വരെ വർധനവാണ് പാർക്കിങ് നിരക്കുകളിൽ ഉണ്ടാകുക. ഇതോടെ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ചെലവ് കൂടും. ഇതിന്റെ ആദ്യഘട്ടമായി തലസ്ഥാനത്തെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വർധന നടപ്പാക്കി കഴിഞ്ഞു. പാർക്കിങ്ങ് നിരക്കുകളിലെ പുതിയ മാറ്റം അനുസരിച്ച് ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ പത്തു രൂപ ആയിരിക്കും. രണ്ടു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ 20 രൂപയും എട്ടു മണിക്കൂർ മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ 30 രൂപയും ആയിരിക്കും പാർക്കിങ്ങ് ചാർജ് ആയി ഈടാക്കുക. ഓട്ടോ, കാർ എന്നിവയ്ക്ക്  രണ്ടു മണിക്കൂർ വരെ 30  രൂപയും രണ്ടു മുതൽ എട്ടു മണിക്കൂർ വരെ 50 രൂപയും എട്ടു മുതൽ 24 മണിക്കൂർ വരെ 80 രൂപയും ആയിരിക്കും ഈടാക്കുക.

മാസാടിസ്ഥാനത്തിൽ ആണെങ്കിൽ ഒരു മാസത്തേക്ക് ഇരുചക്രവാഹനങ്ങൾക്ക് 600 രൂപ ആയിരിക്കും പാർക്കിങ്ങ് ചാർജ് ആയി ഈടാക്കുക. അതേസമയം, ഹെൽമറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ 10 രൂപ ഈടാക്കാനും നിർദ്ദേശമുണ്ട്. പുതുക്കിയ നിരക്കുകൾ താമസിക്കാതെ തന്നെ വിവിധ സ്റ്റേഷനുകളിൽ പ്രാബല്യത്തിൽ വരും.

ഇതിനു മുൻപ് 2017ലായിരുന്നു റെയിൽവേ പാർക്കിങ്ങ് നിരക്കുകൾ പരിഷ്കരിച്ചത്. നേരത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാറ്റഗറി അനുസരിച്ച് ആയിരുന്നു പാർക്കിങ്ങ് ഫീസ് ഈടാക്കിയിരുന്നത്. ഇത് അനുസരിച്ചു സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെൻട്രൽ എന്നീ സ്റ്റേഷനുകളാണ് മുൻനിരയിലുള്ളത്.

∙ പ്രിന്റ് ചെയ്ത് പാക്കിങ്ങ് രസീത്

പ്രിന്റിങ് സംവിധാനത്തിലൂടെ ആയിരിക്കും പാർക്കിങ് രസീതുകൾ ഉൾപ്പെടെയുള്ളവ നൽകുക. എത്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നു എന്നതുൾപ്പെടെയുള്ള കണക്കുകൾ കൃത്യമായി അറിയുകയാണ് ലക്ഷ്യം. പാർക്കിങ്ങ് ഫീസിലെ ഇപ്പോഴത്തെ വർധന എട്ടു വർഷത്തിനു ശേഷമാണെന്നും കാലോചിതമായ വർധന മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

  അമൃത് ഭാരത് പദ്ധതി

സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 34 സ്റ്റേഷനുകൾ 300 കോടിരൂപയിലേറെ ചെലവഴിച്ച് നവീകരിക്കുന്നുണ്ട്. ഇവയിൽ പലതും എൻഎസ്ജി ഗ്രേഡ് (നോൺ സബർബൻ ഗ്രേഡ്) നാല്, അഞ്ച് എന്നിവയിൽ ഉൾപ്പെടുന്നതാണ്. പാർക്കിങ്ങ് ഇനത്തിലെ നിരക്ക് വർധന ഈ സ്റ്റേഷനുകളിലും ഉണ്ടാകും. എന്നാൽ, അമൃത് ഭാരതിൽ ഉൾപ്പെടാത്ത വരുമാനം കൂടുതലുള്ള ചില സ്റ്റേഷനുകളിലും പാർക്കിങ്ങ് നിരക്ക് വർധിക്കും. പാർക്കിങ്ങ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾക്കായി റെയിൽവേ കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനാലാണ് ഇത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe