റെയിൽവേയിൽ പുതിയ നിയമനങ്ങളില്ല ; വിരമിച്ചവർക്ക്‌ കരാർ നിയമനം

news image
Oct 17, 2024, 8:00 am GMT+0000 payyolionline.in

തിരുവനന്തപുരം: വിരമിച്ചവരെ റെയിൽവേയിൽ ഒഴിവുള്ള തസ്തികകളിൽ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ആവശ്യമായ നിയമനം കരാർ അടിസ്ഥാനത്തിൽ നടത്താൻ സോൺ ജനറൽ മാനേജർമാർക്ക്‌ റെയിൽവേ ബോർഡ്‌  കത്തയച്ചു.

ലെവൽ ഒന്നുമുതൽ ഏഴുവരെയുള്ള നോൺ ഗസറ്റഡ്‌ തസ്തികയിൽ നിയമനം നടത്താനാണ് ആവശ്യപ്പെട്ടത്‌. ഓഫീസ്‌ അസിസ്റ്റന്റ്‌ മുതൽ ചീഫ്‌ ഓഫീസ്‌ സൂപ്രണ്ടുവരെയും അസി. എൻജിനീയർ, ജൂനിയർ എൻജിനീയർ, അസി. ലോക്കോപൈലറ്റ്‌, ലോക്കോ പൈലറ്റ്‌, ടെക്‌നിക്കൽ ജീവനക്കാർ, പാരാമെഡിക്കൽ ജീവനക്കാർ, കോൺസ്റ്റബിൾ, സബ്‌ ഇൻസ്പെക്ടർ തുടങ്ങി നിരവധി കാറ്റഗറിയിലെ തസ്തികകൾ ഇതിൽപ്പെടും. 2.48 ലക്ഷത്തോളം ഒഴിവുകളാണ്‌ ഈ വിഭാഗത്തിലുള്ളതെന്നാണ്‌ കണക്ക്‌.  2022 ആഗസ്തിൽ 3.15 ലക്ഷം തസ്തികകൾ ഈ വിഭാഗത്തിലുണ്ടായിരുന്നു. രണ്ടുവർഷത്തിനിടെ നാമമാത്ര തസ്തികയിലാണ്‌ നിയമനം നടത്തിയത്‌. തസ്തിക വെട്ടിച്ചുരുക്കിയതാണ്‌ കുറവുണ്ടാകാൻ കാരണം. ജീവനക്കാരുടെ ജോലിഭാരം വർധിക്കുകയും ചെയ്തു.

നിയമനം നൽകുന്നത്‌ 65 വയസുവരെയുള്ളവർക്കാണ്‌. കേസും നടപടികളും നേരിട്ടവരെ സുരക്ഷാതസ്തികയിലെ നിയമനങ്ങളിൽനിന്ന്‌ ഒഴിവാക്കാൻ നിഷ്കർഷിച്ചിട്ടുണ്ട്‌. വിരമിക്കുമ്പോൾ ലഭിച്ച ശമ്പളമാണ്‌ ഇവർക്ക്‌ നൽകുക. ഡിഎ, എച്ച്‌ആർഎ, ഇൻക്രിമെന്റ്‌ എന്നിവ ഉണ്ടാകില്ല. നിയമനം നേടുന്നവർക്ക്‌ അടിസ്ഥാന പെൻഷൻതുക കുറച്ചാണ്‌ ശമ്പളം നൽകുക. മാസം ഒന്നരദിവസത്തെ ലീവിനാണ്‌ അർഹത. ഒന്നരവർഷംവരെ കരാർ നിയമനം നൽകും. തുടർന്ന്‌ നീട്ടാനും സാധ്യത.
വിവിധ സോണുകളിലേക്ക്‌ ആർആർബിവഴിയും സോൺ അടിസ്ഥാനത്തിൽ ആർആർസിവഴിയുമാണ്‌ നിയമനം നടക്കുന്നത്‌. ആർആർബി ഏതാനും തസ്തികയിലേക്ക്‌ ജനുവരിയിൽ അപേക്ഷ ക്ഷണിച്ചെങ്കിലും ഇതുവരെ പരീക്ഷ നടത്തിയിട്ടില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe