റെഡ് അലര്‍ട്ട് പിൻവലിച്ചു, മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഉച്ച തിരിഞ്ഞ് എട്ട് ജില്ലകളില്‍ മഴ ശക്തിപ്പെടും

news image
May 21, 2024, 10:58 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചിരിക്കുകയാണ്. ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യത കല്‍പിക്കുന്നില്ല. എന്നാല്‍ എട്ട് ജില്ലകളില്‍ ശക്തമായ മഴ തുടരും.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് മഴ ശക്തമായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണിനി നിലനില്‍ക്കുന്നത്.

നാളെ പക്ഷേ പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലര്‍ട്ടാണ്. മറ്റന്നാള്‍ ഇടുക്കിയിലും പാലക്കാടും റെഡ് അലര്‍ട്ടുണ്ട്.

മഴയ്ക്ക് പുറമെ ശക്തമായ കാറ്റും കടല്‍ക്ഷോഭവുമുണ്ടാകാം എന്നതിനാല്‍ ജാഗ്രതയോടെ തന്നെ തുടരണം. തീരദേശത്തുള്ളവര്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തണം. അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടുള്ളതല്ല. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോരമേഖലയില്‍ താമസിക്കുന്നവരും ശ്രദ്ധിക്കണം.

മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീടിത് തീവ്രന്യൂനമര്‍ദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവുമെല്ലാം കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് തന്നെയാണ് മുന്നറിയിപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe