റൂട്ട് പെർമിറ്റിന് കൈക്കൂലി: എറണാകുളം ആർ.ടി.ഒ ഉൾപ്പെടെ മൂന്നുപേർ വിജിലൻസ് കസ്റ്റഡിയിൽ

news image
Feb 20, 2025, 3:43 am GMT+0000 payyolionline.in

കൊച്ചി: റൂട്ട് പെർമിറ്റിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ എറണാകുളം ആർ.ടി.ഒ ഉൾപ്പെടെ മൂന്നുപേരെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ആർ.ടി.ഒ ടി.എം. ജെർസൺ, ഏജന്‍റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യബസുടമയോട് ഏജന്‍റ്​ മുഖേന കൈക്കൂലി ആവശ്യപ്പെ​െട്ടന്നാണ് പരാതി.

എറണാകുളം ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ റൂട്ട് പെർമിറ്റ് ഫെബ്രുവരി മൂന്നിന് അവസാനിച്ചിരുന്നു. പെർമിറ്റ് ബസുടമയുടെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചുനൽകുന്നതിന് എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ആർ.ടി.ഒ ജെർ​സൺ ഒരാഴ്ചത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കുകയും അതിനുശേഷം പല കാരണങ്ങൾ പറഞ്ഞ് മനഃപൂർവം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയുമായിരുന്നു.

പിന്നീട്,​ ആർ.ടി.ഒയുടെ നിർദേശപ്രകാരം ഏജന്‍റായ രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്‍റായ സജിയുടെ പക്കൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ ജെർസൺ പറഞ്ഞതായി അറിയിച്ചു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അന്വേഷണത്തിന് എത്തുകയുമായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ആർ.ടി ഓഫിസിന് മുന്നിൽവെച്ച് പരാതിക്കാരനിൽനിന്ന്​ 5000 രൂപയും ഒരു കുപ്പി വിദേശ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ ഏജന്‍റുമാരായ സജിയെയും രാമപടിയാരെയും വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ആർ.ടി.ഒയെയും അറസ്റ്റ് ചെയ്തു.

 

ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. വീട്ടിൽനിന്ന്​ 50ലധികം വിലകൂടിയ വിദേശ മദ്യക്കുപ്പികളും 60,000 രൂപയും കണ്ടെത്തിയെന്ന് വിജിലൻസ് എസ്​.പി ശശിധരൻ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe