റീഎൻട്രി വിസയിൽ പോയി മടങ്ങാത്തവർക്കുള്ള മൂന്ന്​ വർഷ പ്രവേശന വിലക്ക്​ നീക്കി

news image
Jan 17, 2024, 2:03 pm GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന്​ വർഷ പ്രവേശന വിലക്ക്​ നീക്കിയെന്ന്​ റിപ്പോർട്ട്​. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വൃത്തങ്ങളെ ഉദ്ധരിച്ച്​ പ്രാദേശിക പത്രം അൽവത്വൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദിയിൽ തൊഴിൽ വിസയിലെത്തിയ ശേഷം എക്​സിറ്റ്​ റീഎൻട്രി വിസയിൽ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് നിലവിൽ​ മൂന്ന് വർഷത്തെ പ്രവേശന വിലക്കുണ്ട്. അതൊഴിവാക്കി എന്നാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ മേഖലകളിലെ കര, വ്യാമ, കടൽ പ്രവേശന കവാടങ്ങളിലെ പാസ്​പോർട്ട്​ ഒാഫീസുകളെ ഇത്​ സംബന്ധിച്ച്​ വിവരമറിയിച്ചതായി പാസ്​പോർട്ട്​ വകുപ്പിനെ ഉദ്ധരിച്ച്​ അൽവത്വൻ റിപ്പോർട്ട്​ ചെയ്​തു. ചൊവ്വാഴ്​ച (ജനുവരി 16) മുതൽ ഈ നിരോധം റദ്ദാക്കാൻ ആവശ്യപ്പെട്ട്​​ ബന്ധപ്പെട്ട എല്ലാ വകുപ്പുക​ൾക്കും പ്രവേശന കവാടങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്​ഥർക്കും നിർദേശം നൽകി​. എന്നാൽ ചില കർശന നിബന്ധനകൾക്ക്​ വിധേയമായിട്ടാണ് പ്രവേശന വിലക്ക് നീക്കുക.​

കൃത്യസമയത്ത് മടങ്ങാൻ പ്രതിജ്ഞാബദ്ധരായ തൊഴിലാളികൾ മടങ്ങി വരാത്തതിനാൽ കമ്പനികളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്ന സ്ഥിതിയിൽ വ്യസായികളുടെയും സംരംഭകരുടെയും ആവശ്യത്തെ തുടർന്നാണ്​ ഗവൺമെൻറ്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്തിയിരുന്നത്​. റീഎൻട്രിയിൽ പോയി നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവർക്ക്​ സൗദിയിലേക്ക്​ പ്രവേശനത്തിന്​ മൂന്ന്​ വർഷത്തെ വിലക്കാണ്​​ പാസ്​പോർട്ട്​ വകുപ്പ്​ ഏർപ്പെടുത്തിയിരുന്നത്​. തൊഴിലാളികൾ തിരിച്ചുവരാത്തത്​ തൊഴിലുടമകൾക്ക്​ വലിയ സാമ്പത്തിക ചെലവുകൾ വരുത്തിയിരുന്നതിനാൽ ഈ തീരുമാനം അവർക്ക്​ അനുകൂലമായിരുന്നു​.

തൊഴിൽ കരാർ നിലനിൽക്കെയാണ്​ സ്വദേശത്തേക്ക്​ അവധിക്ക്​ പോകാൻ എക്സിറ്റ് റീ എൻട്രി വിസകൾ നേടിയിരുന്നത്​. എന്നാൽ പോയ ശേഷം മടങ്ങാത്തത്​ കരാർ ലംഘനവും ജോലിക്കാരില്ലാതെ സ്ഥാപനത്തി​െൻറ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നതുമാവും. തൊഴിലാളികളുടെ ഇഖാമ, വർക്ക് പെർമിറ്റ്​, റീഎൻട്രി വിസ ഫീസുകൾ, വിമാന ടിക്കറ്റ് ചാർജ്​​ തുടങ്ങിയവ ഉൾപ്പടെ വലിയ ചെലവ്​ വരുത്തിയാണ്​ തൊഴിലാളി​ അവധിക്ക്​ നാട്ടിൽ പോകുന്നത്​. തിരിച്ചുവരാതാവുന്നതോടെ ഈ നഷ്​ടവും തൊഴിലുടമ സഹിക്കേണ്ടിവരുന്നു. നിയമവിരുദ്ധമായ കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കുന്നത്​ തൊഴിലാളിയുടെ ഭാഗത്തുനിന്നുള്ള ലംഘനമായാണ്​ കണക്കാക്കുന്നതും.

എന്നാൽ പുതിയ ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്​ പ്രവേശന വിലക്ക്​ ഒഴിവാക്കാൻ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്നും അൽവത്വൻ പത്രവാർത്തയിൽ പറയുന്നു.

പ്രവേശന വിലക്ക്​ നീക്കുന്നതിനുള്ള നിബന്ധനകൾ:

1. സ്വന്തം പേരിൽ ട്രാഫിക് നിയമലംഘന പിഴകളുണ്ടെങ്കിൽ ഒടുക്കണം

2. പഴയ വിസ റദ്ദാക്കാഞ്ഞത്​ മൂലമുള്ള പിഴ ഉണ്ടാവാൻ പാടില്ല

3. നിലവിൽ സാധുവായ വിസ ഉണ്ടാവാൻ പാടില്ല​

4. പുതിയ വിസയുടെ സ്​പോൺസർ സൗദിയിലുണ്ടാവണം

5. പാസ്​പോർട്ടിന്​ 90 ദിവസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം

6. വിലയടയാളം സൗദിയിൽ നേരത്തെ രേഖ​പ്പെടുത്തയ ആളായിരിക്കണം

7. റീഎൻട്രിയിൽ പോയി മടങ്ങാത്ത ആശ്രിത വിസക്കാരുണ്ടെങ്കിൽ അവരും ഒപ്പം വരണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe