കൊടുമൺ: അൾഷിമേഴ്സ് ബാധിച്ചു കിടപ്പിലായ രോഗിയെ ശുശ്രൂഷിക്കാൻ നിയോഗിച്ച ഹോംനഴ്സ് രോഗിയെ ക്രൂരമായി മർദിച്ചതായി പരാതി. ക്രൂരമർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ തട്ട പറപ്പെട്ടി സന്തോഷ് ഭവനിൽ ശശിധരൻ പിള്ളയെ (60) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമുക്തഭടനായ ശശിധരൻ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ചു കിടപ്പിലാണ്. ക്രൂരമർദനത്തിനു പിന്നാലെ ശശിധരൻ പിള്ളയെ നഗ്നനാക്കി വലിച്ചിഴക്കുകയും ചെയ്തു.
ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ആളിനെ രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകൾ സ്ഥലത്തില്ല. 3 ദിവസം മുൻപാണ് ഇദ്ദേഹത്തെ അവശ നിലയിൽ കണ്ടത്. ഭാര്യ വീട്ടിലേക്ക് വിളിച്ചപ്പോൾ അസ്വാഭിക ശബ്ദം കേട്ടതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ പറഞ്ഞു വിട്ടപ്പോഴാണ് സംഭവം അറിയുന്നത്. ശശിധരൻ പിള്ളയുടെ തലയ്ക്കും ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. വീട്ടിലെ സിസി ടിവിയിൽ നിന്ന് മർദന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. ഇതുസഹിതം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. 3 ദിവസം മുമ്പാണ് ശശിധരനെ അവശനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അടൂരിലെ ഏജൻസി വഴിയാണ് ഹോംനഴ്സ് എത്തിയത്.