‘രാഹുൽ തന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥി, രാഹുലിനെ പ്രവർത്തകർ അം​ഗീകരിച്ചു കഴിഞ്ഞു’: ഷാഫി പറമ്പിൽ

news image
Oct 16, 2024, 9:22 am GMT+0000 payyolionline.in

പാലക്കാട്: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിന്റെ ആരോപണം തളളി ഷാഫി പറമ്പിൽ എംപി. രാഹുൽ തന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ ഷാഫി, രാഹുലിനെ പ്രവർത്തകർ അം​ഗീകരിച്ചു കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി. സരിനെതിരായ അച്ചടക്ക നടപടി പാർട്ടി തീരുമാനിക്കട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാൽ ഒരു യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാലക്കാട് നിന്ന് കിട്ടിയതിൽ വച്ചേറ്റവും വലിയ ഭൂരിപക്ഷം രാഹുൽ മാങ്കൂട്ടത്തിന് ലഭിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് ഷാഫി പറമ്പിൽ എംപിയുടെ വാക്കുകൾ. പാലക്കാടേത് ജനം അം​ഗീകരിച്ച തീരുമാനമാണ്. രാഹുലിന് സീറ്റ് നൽകിയ നേതൃത്വത്തിന് ഷാഫി നന്ദി അറിയിച്ചു.

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച്  പി സരിന്‍ രം​ഗത്തെത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ നടത്തി രാഹുല്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം. തിരുത്താൻ ഇനിയും സമയമുണ്ടെന്നും ഇല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ മുന്നറിയിപ്പ് നൽകി. തീരുമാനം പാര്‍ട്ടി പുനപരിശോധിച്ചേ തീരൂ. പാലക്കാട്ടെ ചര്‍ച്ചകള്‍ പ്രഹസനമായിരുന്നു. ചര്‍ച്ചകള്‍ നടത്തി രാഹുല്‍ മികച്ച സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം. ഇന്‍സ്റ്റാ സ്റ്റോറിയും റീലുമിട്ടാല്‍ ഹിറ്റായെന്നാണ് ചിലരുടെ വിചാരമെന്നും സരിന്‍ പറഞ്ഞു

പാര്‍ട്ടി നിലപാട് തിരുത്തിയില്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. സിപിഎം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിൻ വ്യക്തമാക്കി. ലെഫ്റ്റ് അടിക്കുന്ന സ്വഭാമുള്ള ആളല്ല താനെന്നും സരിൻ വിശദമാക്കി. പാർട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും സരിൻ കുറ്റപ്പെടുത്തി. എല്ലാവരും ചേർന്നെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും സരിൻ വിശദമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe