മുക്കം (കോഴിക്കോട്)∙ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നാരോപിച്ച് ഇടതു മുന്നണിക്കെതിരെ യുഡിഎഫ്. രാഹുൽ ഗാന്ധിയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അടുത്ത ആഴ്ച തിരുവമ്പാടി മണ്ഡലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന 3 പരിപാടികൾ ബഹിഷ്ക്കരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബാലുശേരി ഡിവിഷനു കീഴിലുള്ള കെഎസ്ഇബിയുടെ കൂമ്പാറ സെക്ഷൻ ഓഫിസിന്റെ പുതിയ കെട്ടിട ഉദ്ഘാടനം, താമരശേരി 110 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം, താഴെ തിരുവമ്പാടി – കുമാരനെല്ലൂർ – മണ്ടാം കടവ് റോഡ് ഉദ്ഘാടനം എന്നിവയാണ് ബഹിഷ്ക്കരിക്കുന്നത്. എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷനായ കെഎസ്ഇബിയുടെ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ്. ദേവെഗൗഡ വിഭാഗത്തിനൊപ്പം നിൽക്കുന്ന കൃഷ്ണണൻകുട്ടി പക്ഷം കേന്ദ്രത്തിൽ ബിജെപിക്കൊപ്പമാണെന്നും അതുകൊണ്ടാണ് ഫ്ലക്സുകളിലും മറ്റു പോസ്റ്ററുകളിലും രാഹുൽ ഗാന്ധിയുടെ പേര് ഒഴിവാക്കിയതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
നേരത്തേ തയാറാക്കിയ പോസ്റ്ററുകളിലും ക്ഷണക്കത്തിലും രാഹുൽ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് രഹസ്യ അജൻഡയുടെ ഭാഗമായി മാറ്റുകയായിരുന്നു എന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. എൻഡിഎയുടെ പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി എംഎൽഎയും ഇടതു മുന്നണിയും കൂട്ടുനിൽക്കുന്നത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ രഹസ്യ അജൻഡയുടെ ഭാഗമായാണന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പുതുപ്പാടിയിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി എംപിയും കൊടുവള്ളി എംഎൽഎ എം.കെ.മുനീറും മുഖ്യാതിഥികളാണ്. എന്നാൽ എംഎൽഎയുടെ ചിത്രം മാത്രമാണ് നൽകിയതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഎമ്മിൽ നിന്ന് ഇത്തരമൊരു നടപടി ഉണ്ടായത് ഞെട്ടൽ ഉളവാക്കിയെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സി.ജെ.ആന്റണി, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.സിറാജുദ്ദീൻ, തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മജീദ് പുതുക്കുടി, രാജേഷ് ജോസ്, എ.എം.അബൂബക്കർ, ജുനൈദ് പാണ്ടികശാല എന്നിവർ പങ്കെടുത്തു.