ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിയെ തുടർന്നാണ് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായത്. നിയമ പോരാട്ടങ്ങൾക്കിടെ സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുകയായിരുന്നു. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തതോടെയാണ് രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങിയത്. അപകീര്‍ത്തി കേസിൽ സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ പക്ഷേ ദിവസങ്ങൾ പിന്നിട്ട ശേഷമാണ് രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത്.