തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. നാളെ രാത്രി എട്ടിനാണ് സമര ജ്വാല എന്ന പേരിൽ ക്ലിഫ് ഹൗസ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു. രാഹുലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നിർദ്ദേശപ്രകാരം അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന വക്കീൽനോട്ടീസ് നൽകുമെന്നും അബിൻ വർക്കി അറിയിച്ചു. അതേസമയം, അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും തുടരും. ജനുവരി 12ന് കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അബിൻ വർക്കി അറിയിച്ചു.