ബെംഗളൂരു∙ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടന കേസിലെ പ്രതിയുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രം പുറത്ത്. ബസിൽ യാത്ര ചെയ്യുന്ന ഒരു ചിത്രമാണു പ്രചരിക്കുന്നത്. തൊപ്പിയും മാസ്കും ധരിക്കാതെയുള്ള പ്രതിയുടെ ഈ ചിത്രത്തിൽ മുഖം വ്യക്തമാണ്. പ്രതിയുടെ തൊപ്പി സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തുനിന്ന് എൻഐഎ സംഘത്തിനു കിട്ടിയിരുന്നു.
സ്ഫോടനം നടന്നതിനു പിന്നാലെ പ്രതി വസ്ത്രങ്ങൾ മാറ്റിയെന്നാണു സൂചന. രാവിലെ 10.45 ഓടെ ബസിൽ പ്രതി വരുന്നതും 11.34നു കഫേയിൽ പ്രവേശിക്കുന്നതും തുടർന്നു 11.43 നു തിരിച്ചറിങ്ങുന്നതും ബസ് സ്റ്റോപ്പിലക്കു തിരികെ നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം സ്ഫോടനക്കേസിലെ പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
080–29510900, 8904241100 എന്നീ ഫോൺ നമ്പറുകളിലോ, [email protected] എന്ന ഇ–മെയിലിലോ വിവരം അറിയിക്കാം. സൂചന നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ പുറത്തിറക്കിയ പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. ബ്രൂക്ക്ഫീൽഡ് രാമേശ്വരം കഫേയിൽ 1ന് നടന്ന വീര്യം കുറഞ്ഞ സ്ഫോടനത്തിൽ 10 പേർക്കു പരുക്കേറ്റിരുന്നു. കഫേയുടെ ശുചിമുറിക്കു സമീപം ഉപേക്ഷിച്ച ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസിന്റെ (ഐഇഡി) അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു.