തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ സൂക്ഷിച്ച മുറിക്ക് സമീപം രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട് നാട്ടുകാർ തടഞ്ഞുവെച്ച പ്രിൻസിപ്പലിനെയും ഓഫിസ് അസിസ്റ്റന്റിനെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം അമരവിള ലണ്ടൻ മിഷൻ സൊസൈറ്റി ഹയർസെക്കൻഡറി സ്കൂൾ(എൽ.എം.എസ് എച്ച്.എസ്.എസ്) പ്രിൻസിപ്പൽ റോയി ബി. ജോൺ, പേരിക്കോണം എൽ.എം.എസ് യു.പി.എസ് ഓഫിസ് അസിസ്റ്റന്റ് ലെറിൻ ഗിൽബർട്ട് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹയർ സെക്കൻഡറി തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ അഞ്ചിന് രാത്രി പത്തിന് ശേഷം സ്കൂളിലെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറിക്ക് സമീപം മറ്റ് രണ്ട് പേരോടൊപ്പം പ്രിൻസിപ്പലിനെ കണ്ടതായി പി.ടി.എ പ്രസിഡന്റ് റിപ്പോർട്ട് ചെയ്തിരുന്നു. പരീക്ഷ ചുമതലകളിൽനിന്ന് ഒഴിവായ ശേഷം പ്രിൻസിപ്പൽ പരീക്ഷയുടെ ഇൻവിജിലേറ്ററായി അരുമാളൂർ എൽ.എം.എസ് എൽ.പി സ്കൂളിലെ അധ്യാപകനെ നിയമവിരുദ്ധമായി നിയമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പേരിക്കോണം സ്കൂളിലെ ഓഫിസ് അസിസ്റ്റന്റ് ലെറിൽ ഗിൽബർട്ട് ചോദ്യപേപ്പർ സൂക്ഷിച്ച അമരവിള സ്കൂളിൽ മാർച്ച് അഞ്ച് വരെ അനധികൃതമായി നൈറ്റ് വാച്ച്മാന്റെ ചുമതലയിൽ ജോലി ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.