രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു

news image
Mar 14, 2024, 4:26 pm GMT+0000 payyolionline.in

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും.
രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ വൈകിട്ട് നിയമിച്ചിരുന്നു.

ഇതോടെ ലോക്സഭ തെര‍ഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാനുള്ള സാഹചര്യവും ഒരുങ്ങിയിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തിരക്കിട്ട തീരുമാനം. പെട്രോളിനും ഡീസലിനും നേരത്തെയും കേന്ദ്ര  സര്‍ക്കാര്‍ കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല.ദില്ലിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് 94 രൂപയാകും.  ഇന്ധന നികുതിയില്‍ ഏതുരീതിയില്‍ കുറവ് വരുത്തിയാണ് രണ്ടു രൂപ കുറച്ചതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe