ന്യൂഡൽഹി: രാജ്യത്തിനകത്തും വിദേശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള ആസൂത്രണം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുകയാണെന്നും എന്നാൽ ഏറ്റവും പ്രശ്‌നഭരിതമായ സംസ്ഥാനം സന്ദർശിക്കുന്നത് ഒഴിവാക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. ‘ഇതിനിടെ മണിപ്പൂരിലെ ജനങ്ങളുടെ വേദന അയവില്ലാതെ തുടരുകയാണ്. ഏറ്റവും പ്രശ്‌നകരമായ ഈ സംസ്ഥാനത്തേക്കുള്ള സന്ദർശനം ‘പഠനപരമായി’ ഒഴിവാക്കിക്കൊണ്ട് ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും യാത്ര ചെയ്യാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് -രമേശ് എക്സിലെ തന്റെ പോസ്റ്റിൽ വിമർശിച്ചു.
മണിപ്പൂരിൽ ഇതുവരെ 220ലധികം പേർ കൊല്ലപ്പെട്ട അക്രമ പരമ്പരകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ കമീഷന് നവംബർ 20 വരെ കേന്ദ്രം സമയം നീട്ടി അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് കമ്യൂണിക്കേഷൻസ് ഇൻ-ചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പരാമർശം. മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച കോൺഗ്രസ് നേതാവ് 2023 മെയ് 3ന് മണിപ്പൂർ കത്താൻ തുടങ്ങിയെന്നും അക്രമത്തിന്റെയും കലാപത്തിന്റെയും കാരണങ്ങളും വ്യാപനവും അന്വേഷിക്കാൻ ജൂൺ 4ന് മൂന്നംഗ അന്വേഷണ കമീഷനെ നിയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടി.റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസത്തെ സമയം നൽകിയിട്ടും ഇതുവരെ ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. എന്നിട്ടിപ്പോൾ നവംബർ 24 വരെ കമീഷന് സമയം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2023 ജൂൺ 4നാണ് ഗുവാഹത്തി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള കമീഷൻ രൂപീകരിച്ചത്. വിരമിച്ച ഐ.എ.എസ് ഓഫീസർ ഹിമാൻഷു ശേഖർ ദാസ്, റിട്ടയേർഡ് ഐ.പി.എസ് ഓഫിസർ അലോക പ്രഭാകർ എന്നിവരും ഈ സമിതിയിലുണ്ട്. മണിപ്പൂരിൽ വിവിധ സമുദായങ്ങളിൽപ്പെട്ടവരെ ലക്ഷ്യമിട്ട് നടന്ന അക്രമങ്ങളുടെയും കലാപങ്ങളുടെയും കാരണങ്ങളും വ്യാപനവും സംബന്ധിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടും ഇതുവരെ റിപ്പോർട്ട് സമർപിക്കാത്തതും മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദർശിക്കാത്തതും വ്യാപക വിമർശനത്തിന് വഴിവെക്കുന്നുന്നുണ്ട്.
കഴിഞ്ഞ വർഷം മെയിൽ ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്തി വിഭാഗക്കാരും സമീപസ്ഥമായ കുന്നുകൾ കേന്ദ്രീകരിച്ചുള്ള കുക്കി ഗ്രൂപ്പുകൾക്കുമിടയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടർന്ന് 220ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.