മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഗവർണർ വ്യക്തമാക്കി. ഇന്ന് ചേർന്ന ഗവർണർമാരുടെ അനൗദ്യോഗിക യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്ന് വിവരിച്ച ആരിഫ് ഖാൻ, നാളെ ചേരുന്ന യോഗത്തിൽ ഇത് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു.
വയനാടിന്‍റെ വിഷയം രാജ്യത്തിന്‍റേതായി കണ്ട് നടപടി ഉണ്ടാകണം. ഇന്നത്തെ യോഗത്തിൽ എല്ലാ ഗവർണർമാരും അവരവരുടെ മുഖ്യമന്ത്രിമാരോട് സംസാരിക്കാം എന്ന് പറഞ്ഞെന്നും ആരിഫ് ഖാൻ വ്യക്തമാക്കി. ഉരുൾപൊട്ടലിന്‍റെ ആദ്യ വാർത്ത പുറത്ത് വന്നപ്പോൾ തന്നെ പ്രധാനമന്ത്രി പ്രതികരിച്ചതാണല്ലോയെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം, പിന്നെ എന്തുകൊണ്ട് നമ്മൾക്ക് നടപടികൾ പ്രതീക്ഷിച്ചുകൂടെന്നും ചോദിച്ചു. ഈ അവസ്ഥയിൽ രാജ്യം എന്തായാലും വയനാടിന് ഒപ്പം നിൽക്കും എന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു.