രാജ്ഭവൻ ജീവനക്കാരന്റെ മരണം
അന്വേഷിക്കണം : പികെഎസ്‌

news image
Jan 18, 2024, 6:36 am GMT+0000 payyolionline.in
തിരുവനന്തപുരം: രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരനായിരുന്ന വിജേഷ് കാണിയുടെ മരണത്തെക്കുറിച്ച്‌ സമഗ്രാന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പട്ടികജാതി ക്ഷേമസമിതി  ആഭിമുഖ്യത്തിൽ രാജ്‌ഭവൻ മാർച്ച്‌ നടത്തി. നൂറുകണക്കിനു പ്രവർത്തകർ അണിനിരന്ന മാർച്ചിലും ധർണയിലും വിജേഷിന്റെ അച്ഛൻ ദാമോദരൻ കാണി, അമ്മ ശ്യാമള എന്നിവരും പങ്കെടുത്തു.

പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. പരിഷ്‌കൃത സമൂഹത്തിന്‌ അംഗീകരിക്കാൻ കഴിയാത്ത, കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ്‌ രാജ്‌ഭവനിൽ നടക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരെയാണ്‌ പുറംജോലികൾക്ക്‌ നിയോഗിക്കുന്നത്‌. ഭരണഘടനാപരമായ സ്ഥാപനത്തിൽ ജാതിവിവേചനവും സ്‌ത്രീകൾക്കതിരായ അക്രമവും നടക്കുന്നത്‌ അംഗീകരിക്കാനാകില്ല. രാജ്ഭവനിൽ നിയമനങ്ങൾ നടത്തുന്നതിൽ സംവരണതത്വം പാലിക്കുന്നില്ല. ഇഷ്ടമില്ലാത്തവരെ പിരിച്ചുവിടുന്നു. വിജേഷിന്റെ മരണത്തെക്കുറിച്ചും ജാതി പീഡനങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ഗവർണർ തയ്യാറാകണം. വിജേഷിന്റെ രക്ഷിതാക്കൾ നൽകിയ പരാതികൾ അന്വേഷിച്ച്‌ കുറ്റക്കാരെ കണ്ടെത്താൻ പൊലീസും സർക്കാരും തയ്യാറാകണമെന്നും കെ സോമപ്രസാദ് പറഞ്ഞു.

തിരുവനന്തപുരം  ജില്ലാ പ്രസിഡന്റ്‌ എസ് സുനിൽകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, പികെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, വെെസ് പ്രസിഡന്റുമാരായ കെ ശാന്തകുമാരി എംഎൽഎ, ബി സത്യൻ, ജില്ലാ സെക്രട്ടറി എം പി റസൽ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe