രാജമലയിൽ തമിഴ്നാട് ബസിന്റെ ചില്ല് തകർത്ത് പടയപ്പ, ആക്രമണം ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ

news image
Mar 1, 2024, 8:58 am GMT+0000 payyolionline.in

മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം.  രാജമലയിൽ തമിഴ്നാട് ബസ് തടഞ്ഞ പടയപ്പ  ചില്ലുകൾ തകർത്തു. ആളുകൾ ബഹളമുണ്ടാക്കിയതോടെ വനത്തിലേക്ക് പടയപ്പ കയറിപ്പോയെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. മേഖലയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പടയപ്പയുടെ ആക്രമണം ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമൻറ് കയറ്റി വന്ന ലോറി പടയപ്പ തടഞ്ഞിരുന്നു. തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയിൽ നിന്നും മാറിയത്.

പടയപ്പ മദപ്പാടിലാണെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. അതിനിടെ കന്നിമലയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയത് പടയപ്പയാണോയെന്ന് വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന്‍ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍ (45) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സുരേഷ് കുമാറിന്റെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ (45), ഭാര്യ റെജിന (39) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്‌കൂള്‍ ആനിവേഴ്‌സറി കഴിഞ്ഞ തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ മുന്നിൽ ഓട്ടോയെത്തിയത്.

 

ജനുവരി മാസം മുതൽ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും പടയപ്പ പതിവായെത്തുന്നുണ്ട്.  മൂന്നാര്‍ പെരിയവര പുതുക്കാട് എസ്റ്റേറ്റിലെത്തി കൃഷികൾ നശിപ്പിക്കുകയും എസ്റ്റേറ്റിലെ റേഷന്‍കട തകർത്ത് മൂന്ന് ചാക്ക് അരി പടയപ്പ അകത്താക്കുകയും ചെയ്തത് ജനുവരി മാസത്തിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe