കാളികാവ് (മലപ്പുറം): ഉദരംപൊയിലിൽ രണ്ടര വയസ്സുകാരി ഫാത്തിമ നസ്റിന്റെ ക്രൂര കൊലപാതകത്തിൽ പിതാവ് കോന്തൻതൊടിക മുഹമ്മദ് ഫായിസിനെതിരെ (24) കൊലക്കുറ്റം ചുമത്തി. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം പൊലീസ് കേസെടുത്തിരുന്നത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയിലാണ് കൊലക്കുറ്റം ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണകാരണം ശരീരത്തിലേറ്റ മർദനമാണെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് ഫാത്തിമ നസ്റീനെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് ഫായിസും ഇയാളുടെ മാതാവും പറഞ്ഞിരുന്നത്. എന്നാൽ, ദേഹത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നത് സംശയമുണർത്തി. കുട്ടിയെ പിതാവ് മർദിച്ചിരുന്നതായും കട്ടിലിലെറിഞ്ഞിരുന്നതായും മാതാവ് ഷഹബാനത്തും ബന്ധുക്കളും പറഞ്ഞിരുന്നു.
കുട്ടിയുടെ മരണശേഷം ഒളിവിലായിരുന്ന ഫായിസിനെ പുല്ലങ്കോട് എസ്റ്റേറ്റിൽ വെച്ചാണ് പിടികൂടിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ഫായിസിന്റെ മാതാവ് താജുന്നീസ, സഹോദരി നജ്മുൽ ഫാരിസ, സഹോദരീ ഭർത്താവ് അൻസാർ എന്നിവരുമുണ്ടായിരുന്നു.
അതേസമയം, പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ മാതാവിന്റെ കുടുംബം രംഗത്തെത്തി. ഫായിസ് മര്‍ദ്ദിക്കുന്നതിനെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്നും മര്‍ദനമേറ്റതിന്റെ പാടുകള്‍ അടക്കം പൊലീസിനെ കാണിച്ചിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ തലയോട്ടിയും നട്ടെല്ലും പൊട്ടിയിരുന്നു. നെഞ്ചിലും കഴുത്തിലും രക്തം കട്ടപിടിച്ചിരുന്നു.