കണ്ണൂർ: ടി.ടിയുടെ ധിക്കാരം മൂലം തൃശൂരിൽനിന്ന് കണ്ണൂർ വരെ ടോയ്ലറ്റിന് സമീപം നിന്നു യാത്രചെയ്യേണ്ടിവന്ന യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡന്റും പൊതു പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി.
ആർട്ടിസ്റ്റ് ശശികല തൃശൂരിൽനിന്ന് രാത്രി എട്ടിന് കണ്ണൂരിലേക്ക് മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടി.ടി ഹേമന്ത് കെ. സന്തോഷ് ടിക്കറ്റ് പരിശോധിക്കുകയും ഇരുന്ന സീറ്റിൽനിന്ന് എഴുന്നേൽപിച്ചു ടോയ്ലറ്റിന് സമീപം കണ്ണൂർ വരെ നിർത്തിക്കുകയുമായിരുന്നുവെന്നാണ് പരാതി.
എന്തു കാരണത്താലാണ് ടി.ടി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്ന ചോദ്യമുന്നയിച്ചു ടി.ടിക്കും തിരുവനന്തപുരം ഡിവിഷനൽ കമേഴ്സ്യൽ റെയിൽവേ മാനേജർക്കും ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്കും ആർട്ടിസ്റ്റ് ശശികല നോട്ടീസ് നൽകിയെങ്കിലും ഇവരിൽനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.
തുടർന്ന് രണ്ടുവർഷത്തിലധികം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരമൊരു വിധി ഉണ്ടായത്. വിധി നടപ്പാക്കാൻ അനുവദിച്ച 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയും കൂടി നൽകണം. പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ വൈസ് ചെയർമാൻ കൂടിയാണ് ആർട്ടിസ്റ്റ് ശശികല.