സനാ: യെമൻ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ പൗരനെ അവിടെ നഴ്‌സായിരുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017ലെ കേസിൽ 2020ൽ വിചാരണ കോടതി വധശിക്ഷ വിധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു.
ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേൽ ജെറോം അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.