യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ; പൊലീസിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി

news image
Nov 29, 2024, 1:04 pm GMT+0000 payyolionline.in

കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. തമ്മനത്തെ ഫ്ലാറ്റിൽ നിന്ന് രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി തൊപ്പി എന്ന നിഹാദ് കോടതിയെ സമീപിച്ചത്. കേസ് അടുത്തമാസം നാലിന് പരിഗണിക്കും. അതേ സമയം കേസിൽ തൊപ്പിയെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തൊപ്പിയുടെ വാഹനം ഓടിച്ചിരുന്ന ആളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

ഈ മാസം പതിനാറാം തീയതിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. തമ്മനത്തുള്ള അപ്പാർട്ട്മെന്റിൽ നിന്ന് സഹോദരൻമാരടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അവരിൽ നിന്ന് 5 ​ഗ്രാമിലേറെ എംഡിഎംഎയും കണ്ടെടുത്തിരുന്നു. മുഹമ്മദ് സുഹൈൽ, മുഹ്സീബ്, ജാബിർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജാബിർ എന്നയാളാണ് സഹോദരങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. മാത്രമല്ല, ജാബിറാണ് തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ വാഹനമോടിച്ചിരുന്നതെന്നും പാലാരിവട്ടം പൊലീസ് കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാൽ തൊപ്പിയുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നില്ല. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൊപ്പി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇന്നാണ് അപേക്ഷ ഫയൽ ചെയ്തത്. പ്രാരംഭ നടപടി എന്ന നിലയിലാണ് കോടതി പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയത്. നാലാം തീയതി വീണ്ടും കോടതിയിൽ ഈ കേസ് പരി​ഗണിക്കും. തൊപ്പി പ്രതിയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe