ദുബൈ: വ്യാജ വിസ നിർമിക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ദുബൈ പബ്ലിക്ക് പ്രോസിക്യൂഷൻ. കുറ്റകൃത്യം കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 2021ലെ ഫെഡറൽ നിയമം 29 പ്രകാരം മറ്റ് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ചാലും സമാന ശിക്ഷയായിരിക്കും ലഭിക്കുക. വിദേശിയാണ് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതെങ്കിൽ ശിക്ഷാകാലാവധിക്കുശേഷം അയാളെ നാടുകടത്തുകയും ചെയ്യും.
ഔദ്യോഗിക രേഖകളിലുള്ള ഫോട്ടോ, നമ്പറുകൾ, മറ്റ് വിവരങ്ങൾ എന്നിവയിൽ മാറ്റം വരുത്താൻ പാടില്ല. വ്യാജ ഒപ്പും മുദ്രകളും നിർമിക്കുക, ബന്ധപ്പെട്ട വ്യക്തിയുടെ അംഗീകാരമില്ലാതെ ഒപ്പിട്ടതോ മുദ്ര പതിച്ചതോ വിരലടയാളം അടങ്ങിയതോ ആയ ശൂന്യ പേപ്പർ പൂരിപ്പിക്കുക തുടങ്ങിയവയും ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ എക്സിലൂടെ അറിയിച്ചു. രാജ്യത്ത് സുശക്തമായ എമിഗ്രേഷൻ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പെന്നും കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.