വാഷിങ്ടൺ: യു.എസിൽ പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബിലുണ്ടായ വെടിവെപ്പിൽ 11 പേർക്ക് പരിക്ക്. ന്യൂയോർക്കിലെ ക്യൂൻസിലാണ് സംഭവമുണ്ടായത്.
ജനുവരി ഒന്നാം തീയതി രാത്രി 11.20ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ചും വിവരങ്ങളില്ല. യു.എസിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ 15 പേർ മരിച്ചിരുന്നു.
ബുധനാഴ്ച പുലർച്ച 3.15നാണ് ആക്രമണമുണ്ടായത്. പുതുവത്സരാഘോഷത്തിന് ലോകപ്രശസ്തമായ സ്ഥലമാണ് ബോർബൺ സ്ട്രീറ്റ്.
അതേസമയം, ന്യൂ ഓർലിയൻസിൽ ആളുകളുടെ കൊലപാതകത്തിന് കാരണക്കാരനായ അക്രമിക്ക് ഐ.എസ് ആശയങ്ങൾ ഇഷ്ടമായിരുന്നുവെന്നതിന്റെ തെളിവുകൾ എഫ്.ബി.ഐക്ക് ലഭിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അക്രമത്തിന് മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോകളിൽ ഐ.എസിന്റെ ആശയങ്ങൾ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് ഇയാൾ പറയുന്നുണ്ടെന്നാണ് ബൈഡൻ വ്യക്തമാക്കുന്നത്. കൊല്ലാനുള്ള ആഗ്രഹവും ഇയാൾ പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. സംഭവത്തിലെ ഗൂഢാലോചന ഉൾപ്പടെ വിശദമായി അന്വേഷിക്കുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.