വാഷിങ്ടൺ: യു.എസിൽ ചെറുവിമാനം തകർന്നു വീണ് രണ്ട് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ദക്ഷിണകാലിഫോർണിയയിൽ കെട്ടിടത്തിൽ ഇടിച്ചാണ് വിമാനം തകർന്നതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒമ്പത് പേരെയാണ് പരിക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെ അപകടസ്ഥലത്ത് നിന്ന് തന്നെപ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാലിഫോർണിയയിലെ ഫുള്ളെർട്ടണിലെ 2300 റെയ്മർ ബ്ലോക്കിലാണ് വിമാനം തകർന്നു വീണത്.
വാനിന്റെ ആർ.വി-10 സിംഗിൾ എൻജൻ വിമാനമാണ് തകർന്ന് വീണതെന്ന് അധികൃതർ അറിയിച്ചു. ഡിസ്നിലാൻഡിൽ നിന്ന് ആറ് മൈൽ അകലെയാണ് വിമാനം തകർന്നു വീണ സ്ഥലം. ഫുൾട്ടൺ വിമാനത്താവളത്തിന് അടുത്ത് തന്നെയാണ് അപകടമുണ്ടായത്. ചെറുവിമാനങ്ങൾക്ക് ഇറങ്ങാനുള്ള റൺവേയും ഒരു ഹെലിപാഡും മാത്രമാണ് ഇവിടെയുള്ളത്.
പൊലീസും അഗ്നിശമനസേനയും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. വിമാനം തകർന്നു വീണതിന് തുടർന്ന് സംഭവസ്ഥലത്തിന് അടുത്തുള്ള ചില വെയർഹൗസുകൾക്ക് തീപിടിക്കുകയും ചെയ്തു.