കോഴിക്കോട്: ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എലത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി മരിച്ച ശേഷം പ്രതി വൈശാഖൻ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരമാണ് പുറത്തുവന്നത്. വർഷങ്ങളായി ഇയാൾ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നും പൊലീസ് പറയുന്നു.
യുവതിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ തടമ്പാട്ടുതാഴം സ്വദേശിയായ വൈശാഖൻ ലൈംഗിക ചൂഷണം ആരംഭിച്ചിരുന്നെന്നും സൂചനയുണ്ട്. ഇത് തെളിഞ്ഞാൽ ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തും. സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മാളിക്കടവിലുള്ള വൈശാഖന്റെ ഉടമസ്ഥതയിലെ ഐഡിയൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിനകത്ത് യുവതിയെ ശനിയാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് ഉയർന്ന ചില സംശയങ്ങളാണ് കൊലപാതകം തെളിയിച്ചത്.
ഏറെ കാലമായി വൈശാഖനും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. പിന്നീട് തന്നെ വിവാഹം കഴിക്കണമെന്നും യുവതി വൈശാഖിനോട് ആവശ്യപ്പെട്ടു. ഇതോടെ ഭാര്യയും കുടുംബവും ഈ ബന്ധം അറിയുമെന്ന ഭയത്തിൽ വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ശനിയാഴ്ച യുവതിയെ ജോലി സ്ഥലത്തുനിന്നും വൈശാഖന് വിളിച്ചുവരുത്തി. ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വൈശാഖന്റെ സ്ഥാപനത്തിലെത്തിച്ചു. ഒരുമിച്ച് തൂങ്ങി മരിക്കാനായി കയറിൽ കുരുക്കിട്ടു. കുരുക്ക് യുവതി കഴുത്തിലിട്ടതോടെ വൈശാഖൻ സ്റ്റൂള് തട്ടിമാറ്റുകയായിരുന്നു.
