കണ്ണൂർ: നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്ന, മത്സര പരീക്ഷകള്‍ക്കായി തയാറെടുക്കുന്ന യുവജനങ്ങള്‍ക്കായി മാസം 1000 രൂപ സാമ്പത്തിക സഹായം നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. employment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രാജ്യത്തെ അംഗീകൃത സര്‍വകലാശാലകള്‍/ ഡീംഡ് സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവരോ ആയിരിക്കണം. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണനാ ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുക.
നൈപുണ്യ പരിശീലനം, മത്സര പരീക്ഷ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി 12 മാസത്തേക്ക് മാത്രമേ സ്കോളര്‍ഷിപ് ലഭിക്കുകയുള്ളൂ. ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ ക്ഷേമ പെന്ഷന് ലഭിക്കുന്നവര്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരല്ല. ഫോണ്‍: 04902474700.
