യുപിഐ വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഇഎംഐ ആയി പണം അടയ്ക്കാം; സംവിധാനം ഉടൻ

news image
Oct 4, 2025, 10:26 am GMT+0000 payyolionline.in

രാജ്യത്തെ റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മെന്റ് രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി, യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ.) വഴി നടത്തുന്ന പണമിടപാടുകള്‍ എളുപ്പത്തില്‍ ഇഎംഐ. അഥവാ പ്രതിമാസ തവണകളായി അടയ്ക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാന്‍ ആലോചന. നാഷണല്‍ പെയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് യുപിഐ. ശൃംഖലയില്‍ വായ്പാ സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ നിര്‍ണായക നീക്കം നടത്തുന്നത്.

പുതിയ ചുവടുവെയ്പ്പ്

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കുമ്പോള്‍ തന്നെ, ആ തുക തവണകളായി അടച്ചു തീര്‍ക്കാനുള്ള ഓപ്ഷന്‍ ഉപയോക്താവിന് ലഭിക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം. പോയിന്റ്-ഓഫ്-സെയില്‍ (പി.ഒ.എസ്.) കാര്‍ഡ് ഇടപാടുകള്‍ക്ക് സമാനമായി, കാര്‍ഡ് മെഷീനില്‍ വെച്ചുതന്നെ ഇ.എം.ഐ. ആയി മാറ്റാന്‍ സാധിക്കുന്നതുപോലെയാണ് യു.പി.ഐ. യിലും ഇത് പ്രവര്‍ത്തിക്കുക. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കുമ്പോള്‍, എന്‍.പി.സി.ഐ.യുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ചില നിബന്ധനകള്‍ക്ക് വിധേയമായി, പെയ്മെന്റ് ഇഎംഐ ആയി മാറ്റാന്‍ സാധിക്കും

ഫിന്‍ടെക് കമ്പനികള്‍ സജ്ജമാകുന്നു

യു.പി.ഐ. നെറ്റ് വര്‍ക്കിലെ വായ്പാ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാനാണ് എന്‍.പി.സി.ഐ. ലക്ഷ്യമിടുന്നത്. ഇതിനായി ഫിന്‍ടെക് കമ്പനികളെ ഇ.എം.ഐ. പെയ്മെന്റ് ഓപ്ഷന്‍ സംയോജിപ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്. പേടിഎം, നവി തുടങ്ങിയ ഫിന്‍ടെക് കമ്പനികളുമായി ചില ബാങ്കുകള്‍ ഇതിനോടകം തന്നെ സഹകരിച്ച് യു.പി.ഐ. ഉപയോക്താക്കള്‍ക്ക് വായ്പകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. യു.പി.ഐ. വഴി ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുമ്പോള്‍ 1.5% വരെ ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കാന്‍ എന്‍.പി.സി.ഐ. ആലോചിക്കുന്നുണ്ട്. റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്കും യു.പി.ഐ. പെയ്മെന്റുകള്‍ക്കും സര്‍ക്കാര്‍ സീറോ-ഫീസ് നിര്‍ബന്ധമാക്കിയതിനാല്‍ വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ കഴിയാത്ത നിലവിലെ സേവിങ്‌സ് അക്കൗണ്ട് അധിഷ്ഠിത പെയ്മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത് ഫിന്‍ടെക് കമ്പനികള്‍ക്ക് മികച്ച വരുമാന സാധ്യത തുറന്നു നല്‍കും.

നിലവില്‍ പ്രതിമാസം 2000 കോടിയിലധികം ഇടപാടുകളാണ് യു.പി.ഐ. വഴി നടക്കുന്നത്. 25-30 കോടി സജീവ ഉപയോക്താക്കളുണ്ട്. നെറ്റ് വര്‍ക്കിലെ ഇടപാടുകളുടെ വൈവിധ്യം വര്‍ദ്ധിപ്പിക്കാന്‍ ക്രെഡിറ്റ് സേവനങ്ങള്‍ അത്യന്താപേക്ഷിതമാണ് എന്നാണ് വ്യവസായ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe