തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) കേരള പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ തിരുവനന്തപുരം വർക്കലയിൽ നിന്ന് പിടികൂടിയത് യുഎസ് ഏറെക്കാലമായ തിരയുന്ന കുറ്റവാളിയെ. ലിത്വാനിയ പൗരനായ അലക്സി ബെസിയോക്കോവ് ആണ് അറസ്റ്റിലായത്. പ്രതി ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിടുമ്പോൾ തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റിലായതെന്ന് സിബിഐ അറിയിച്ചു. റഷ്യൻ പൗരനായ അലക്സാണ്ടർ മിറ സെർദയുമായി ചേർന്ന് ലിത്വാനിയൻ പൗരനായ ബെസിയോക്കോവ്, മയക്കുമരുന്ന് കടത്തുകാരുടെയും ഭീകര സംഘടനകളുടെയും കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണം വെളുപ്പിക്കാൻ ഒരു ക്രിപ്റ്റോകറൻസി ഓപ്പറേഷൻ വഴി നിയമവിരുദ്ധമായ പണമിടപാട് നടത്തിയെന്നാണ് ആരോപണം.
കോടതി രേഖകൾ പ്രകാരം, 2019 നും 2025 നും ഇടയിൽ, റഷ്യൻ പൗരനായ അലക്സാണ്ടർ മിറ സെർദയും ലിത്വാനിയൻ പൗരനായ അലക്സി ബെസിയോക്കോവും ഗാരൻ്റെക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തുവെന്ന് യുഎസ് സീക്രട്ട് സർവീസ് പറയുന്നു. അന്തർദേശീയ ക്രിമിനൽ സംഘടനകൾ (ഭീകര സംഘടനകൾ ഉൾപ്പെടെ) പണം വെളുപ്പിക്കുന്നതിനും ഉപരോധ ലംഘനങ്ങൾക്കും ഈ എക്സ്ചേഞ്ച് ഉപയോഗിച്ചുവെന്നാണ് ആരോപണം.
2019 ഏപ്രിൽ മുതൽ, ഗാരൻ്റെക്സ് കുറഞ്ഞത് 96 ബില്യൺ ഡോളറിൻ്റെ ക്രിപ്റ്റോകറൻസി ഇടപാടുകൾ ഇവർ നടത്തി. മിറ സെർദ ഗാരൻ്റെക്സിൻ്റെ സഹസ്ഥാപകനും ചീഫ് കൊമേർഷ്യൽ ഓഫീസറുമായിരുന്നു. ബെസിയോക്കോവ് ഗാരൻ്റെക്സിൻ്റെ പ്രധാന സാങ്കേതിക അഡ്മിനിസ്ട്രേറ്ററും നിർണായകമായ ഗാരൻ്റെക്സ് ഇൻഫ്രാസ്ട്രക്ചർ നേടുന്നതിനും പരിപാലിക്കുന്നതിനും ഇടപാടുകൾ അവലോകനം ചെയ്ത് അംഗീകരിക്കുന്നതിനും ഉത്തരവാദിത്തമുള്ള ആളുമായിരുന്നുവെന്ന് യുഎസ് സീക്രട്ട് സർവീസുകൾ നൽകിയ വിവരങ്ങൾ പറയുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചനക്ക് 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് യുഎസ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ളത്.
വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ താമസിക്കുമ്പോഴാണ് അലക്സി പിടിയിലാകുന്നത്. ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ് പ്രതി. ഇയാൾക്കെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർക്കല പൊലീസാണ് കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇനി രണ്ട് ദിവസത്തിന് ശേഷം പ്രതിയെ ദില്ലിയിലെ പാട്യാല കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.