യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യത തകർത്തുവെന്ന് വി.ഡി സതീശന്‍

news image
Feb 5, 2024, 11:29 am GMT+0000 payyolionline.in

തിരുവനന്തപുരം : യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യതയാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബജറ്റിന്റെ പവിത്രതയും ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിന് വേണ്ടിയുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ തരംതാഴ്ത്തി. ബജറ്റിന്റെ ആദ്യാവസാനം പ്രതിപക്ഷത്തെ വിമര്‍ശിക്കുകയാണ്. പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ മറ്റെന്തെല്ലാം അവസരങ്ങളുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം തീരാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെ പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചറിന്റെ 55 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഈ സാഹചര്യത്തില്‍ പ്ലാന്‍ അലോക്കേഷന് എന്ത് വിശ്വാസ്യതയാണുള്ളത്? ലൈഫ് മിഷന് കഴിഞ്ഞ വര്‍ഷം 717 കോടി ബജറ്റില്‍ പ്രഖ്യാപിച്ചിട്ട് 3.76 ശതമാനം മാത്രമാണ് അനുവദിച്ചത്.

കാര്‍ഷക മേഖലയെ പൂര്‍ണമായും നിരാശപ്പെടുത്തുന്നതാണ് ബജറ്റ്. എല്ലാ കാര്‍ഷിക മേഖലകളിലും പ്രതിസന്ധിയാണ്. റബര്‍ താങ്ങുവില 10 രൂപ കൂട്ടി കര്‍ഷകരെ അവഗണിക്കുകയും അവഹേളിക്കുകയാണ്. അധികാരത്തില്‍ എത്തിയാല്‍ 250 രൂപയാക്കുമെന്ന് പറഞ്ഞവര്‍ മൂന്ന് വര്‍ഷമായിട്ടും പത്ത് രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. നിലവിലെ 170 രൂപ പോലും നല്‍കിയിട്ടില്ല.

സാമൂഹിക സുരക്ഷാ പദ്ധതികളില്‍ 152 കോടി അനുവദിച്ചിട്ട് നടപ്പാക്കിയത് 60 കോടി മാത്രമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കുടിശിക 1128 കോടിയാണ് കുടിശിക. കാരുണ്യ ബെനവലന്റ് പദ്ധതി 180 കോടി കുടിശികയാണ്. അതുകൊണ്ടു തന്നെ കാരുണ്യ കാര്‍ഡ് സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കാരുണ്യ പദ്ധതിയുടെ പേരില്‍ കയ്യടി വാങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം കൃഷിക്ക് അനുവദിച്ചതിന്റെ 38 ശതമാനവും ഗ്രാമവികസനത്തില്‍ 54 ശതമാനവും സഹകരണ മേഖലയില്‍ 8.84 ശതമാനവും ജലസേചനത്തിന് 35 ശതമാനവും വ്യവസായം 33 ശതമാനവും സയന്റിഫിക് സേവനരംഗത്ത് 29 ശതമാനവും സാമൂഹിക സേവന മേഖലയില്‍ 54 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറവ് എക്‌സപെന്‍ഡിച്ചറാണ് നടപ്പ് സാമ്പത്തിക വര്‍ഷമുണ്ടായത്. യഥാര്‍ത്ഥ ധനസ്ഥിതയെ മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ക്ലീഷെ ആയ കമ്മ്യൂണിസ്റ്റ് പദപ്രയോഗങ്ങള്‍ ബജറ്റില്‍ ഉപയോഗിച്ചത്.

നേരത്തെ വയനാട് പാക്കേജിന് 7600 കോടിയും ഇടുക്കി പാക്കേജിന് 12150 കോടിയും തീരദേശ പാക്കേജിന് 12000 കോടിയും പ്രഖ്യാപിച്ചിട്ട് ഒരു ശതമാനം പോലും ചെലവഴിച്ചില്ല. എന്നിട്ടാണ് ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടി ഈ ബജറ്റിലും കാസകോട്, വയനാട് പാക്കേജുകള്‍ പ്രഖ്യാപിച്ചത്.

1067 കോടിയുടെ വരുമാനം ഉണ്ടാക്കുന്നതിനുള്ള വിഭവ സമാഹരണ പാക്കേജാണ് ബജറ്റിലുള്ളത്. കഴിഞ്ഞ ബജറ്റില്‍ ഇന്ധന സെസ് കൂട്ടിയത് തെറ്റായ തീരുമാനമാണെന്നും ഉപഭോഗം കുറക്കുമെന്നും വര്‍ധനവിന്റെ ഒരു പ്രയോജനും സംസ്ഥാനത്തിന് ലഭിക്കില്ലെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായി. സെസ് വര്‍ധനവിന്റെ പ്രയോജനം കിട്ടിയില്ലെന്നു മാത്രമല്ല, ഇന്ധന വില കൂടിയതിന് ആനുപാതികമായി പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാകുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്ന 1067 കോടിയുടെ അധിക നികുതി നിര്‍ദ്ദേശങ്ങളില്‍ 50 ശതമാനം പോലും പ്രായോഗികമല്ല.

വാറ്റ് നിലനിന്ന കാലത്തുണ്ടായിരുന്ന കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ആരോപണം ഞങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു. കുടിശിക പിരിച്ചെടുക്കുന്നതിന് വേണ്ടി ഇടതു മുന്നണി സര്‍ക്കാര്‍ കൊണ്ടു വന്ന എല്ലാ ആംനെസ്റ്റി സ്‌കീമുകളും പരാജയപ്പെട്ടതു പോലെ ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്‌കീമും പരാജയപ്പെടും. യു.ഡി.എഫ് പുറത്തിറക്കിയ രണ്ട് ധവളപത്രങ്ങളില്‍ പങ്കുവച്ച ഉത്കണ്ഠകളെയും നിര്‍ദ്ദേശങ്ങളെയും രാഷ്ട്രീയമായി കാറ്റില്‍പ്പറത്തിയതിന്റെ അനന്തരഫലമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഇന്ന് അനുഭവിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ബജറ്റ് പ്രഖ്യാപനങ്ങളും അത് നടപ്പാക്കിയതും പരിശോധിച്ചാല്‍ ഈ ബജറ്റിലും ഒരു കാര്യവും ഇല്ലെന്ന് വ്യക്തമാകും. നയാപൈസ കയ്യിലില്ലാത്ത സര്‍ക്കാരാണ് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം 24585 കോടിയാണ് റവന്യൂ കമ്മി. ഇത് അപകടകരമായ സ്ഥിതിയാണ്. അതിനേക്കാള്‍ അപകടകരമാണ് അടുത്ത വര്‍ഷത്തെ എസ്റ്റിമേറ്റ്. 27846 കോടിയാണ് അടുത്ത വര്‍ഷത്തെ കമ്മി. അതായത് ഗുരുതരമായ ധനസ്ഥിതി അടുത്തവര്‍ഷവും തുടരും. ഈ വര്‍ഷത്തെ റവന്യൂ വരവ് 126837 കോടി. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 138650 കോടി. ഈ വര്‍ഷം കിട്ടിയതിന്റെ പത്ത് ശതമാനം വര്‍ധന മാത്രമാണ് സര്‍ക്കാര്‍ എസ്റ്റിമേറ്റില്‍ വച്ചിരിക്കുന്നത്. കേരളം അപായകരമായ ധനസ്ഥിതിയിലേക്ക് കൂപ്പ് കുത്തുമെന്ന സാമ്പത്തിക സൂചകങ്ങളാണ് ഈ ബജറ്റിലുള്ളത്.

പങ്കാളിത്ത പെന്‍ഷന്‍ മാറ്റുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചതാണ്. എന്നിട്ട് അതേക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. ഇപ്പോള്‍ ആ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 9000 കോടിയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചപ്പോള്‍ ഈ സര്‍ക്കാരിന് 53000 കോടിയാണ് കിട്ടിയത്. ഏറ്റവും കൂടുതല്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കിട്ടയ സംസ്ഥാവും കേരളമാണ്. അഞ്ച് വര്‍ഷം കൊണ്ടാണ് ഈ തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. എന്നിട്ടാണ് മാധ്യമങ്ങളെയും ജനങ്ങളെയും കബളിപ്പിക്കുന്നത്. അഞ്ച് വര്‍ഷം കിട്ടേണ്ട ജി.എസ്.ടി കോമ്പന്‍സേഷന്‍ ആറാം വര്‍ഷവും കിട്ടുമെന്ന് പറയുന്നത് കാപട്യമാണ്. മാധ്യമ പ്രവര്‍ത്തരെ ഉള്‍പ്പെടെ കബളിപ്പിക്കുകയാണ്. 3100 കോടി മാത്രമാണ് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളതെന്നാണ് ധനമന്ത്രി കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നത്. ഇപ്പോള്‍ പറയുന്നത് ഊതിപ്പെരുപ്പിച്ച കണക്കുകളാണ്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രിയുമായി സംവാദത്തിന് പ്രതിപക്ഷം തയാറാണ്.

35 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് നല്‍കുമെന്നാണ് പറയുന്നത്. 35 കോടിക്ക് ഒരു പാലം പണിയാന്‍ സാധിക്കുമോ? മുഖ്യമന്ത്രിയുടെ നവകേരള സദസെന്ന ആര്‍ഭാട നാടകം നടത്തിയവര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി വകയിരുത്തിയിരിക്കുന്നത് 35 കോടിയാണ്. പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലത്തിലും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്. സി.പി.എം നേതാക്കളോ മന്ത്രിമാരോ സ്വത്ത് വിറ്റ കാശാണോ എം.എല്‍.എമാര്‍ക്ക് നല്‍കുന്നത്. മന്ത്രിയുടെ മണ്ഡലമായ കൊട്ടരക്കരയിലെ ജനങ്ങള്‍ നല്‍കുന്ന അതേ നികുതിയാണ് പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളും നല്‍കുന്നത്.

യു.ഡി.എഫ് കാലത്ത് കൊണ്ടു വന്ന വിഴിഞ്ഞം തുറമുഖത്തെ പറ്റിയാണ് ബജറ്റില്‍ ഏറ്റവുമധികം പരാമര്‍ശിച്ചിരിക്കുന്നത്. 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പാണെന്ന പറഞ്ഞ പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് വിഴിഞ്ഞം പദ്ധതിയെ കുറിച്ച് അഭിമാനം കൊള്ളുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെ കുറിച്ചും ഇപ്പോള്‍ അഭിമാനം കൊള്ളുകയാണ്.

കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ വലിയ കൈയടിയായിരുന്നു. ഉച്ചഭക്ഷണത്തിന്റെ നിരക്ക് എട്ട് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് അവസാനമായി വര്‍ധിപ്പിച്ചത്. അതിന് ശേഷം 200 ശതമാനത്തില്‍ അധികമാണ് വിലക്കയറ്റമുണ്ടായത്. ഹെഡ്മാസ്റ്റര്‍മാരുടെ പോക്കറ്റില്‍ നിന്നാണ് പണം നല്‍കുന്നത്. നിലവിലെ തുക അഞ്ച് മാസമായി നല്‍കാത്തവരാണ് ഇപ്പോള്‍ കൈയടിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ ആറ് മാസമാണ് സാമൂഹിക സുരക്ഷ പെന്‍ഷന്‍ കുടിശികയായതെന്നും സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe