പൊയിനാച്ചി: യാത്രയ്ക്കിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒൻപതാംദിവസം വീടിന്റെ പൂമുഖത്ത് കൊണ്ടുവെച്ച് അജ്ഞാതൻ. ഒപ്പം, ആരാന്റെ മുതൽ കൈയിൽ വെച്ചതിനും
വേദനിപ്പിച്ചതിനും പശ്ചാത്താപത്തോടെ ഒരു കത്തും. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പൊയിനാച്ചിപ്പറമ്പ് ലക്ഷ്മിനിവാസിലെ വി.ദാമോദരന്റെ ഭാര്യ എം.ഗീതയ്ക്കാണ് മൂന്നരലക്ഷത്തോളം രൂപ വിലവരുന്ന മാല യാദൃച്ഛികമായി തിരികെ കിട്ടിയത്.
നാലിന് വൈകിട്ട് പൊയിനാച്ചിയിൽനിന്ന് പറമ്പിൽ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് മാല നഷ്ടപ്പെട്ടത് ഗീതയുടെ ശ്രദ്ധയിൽപ്പെട്ടത്. ബസ് ജീവനക്കാരെ വിവരമറിയിക്കുകയും മേൽപ്പറമ്പ് പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇതിനിടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിവരം പങ്കുവെച്ചെങ്കിലും ഒരു സൂചനയും കിട്ടിയില്ല. ചൊവാഴ്ച രാവിലെ പത്തരയ്ക്ക് ദാമോദരൻ വീട്ടിൽനിന്ന് ഇറങ്ങാൻ നോക്കുമ്പോഴാണ് പൂമുഖത്തെ ചാരുപടിയിൽ മാലയും കത്തും കണ്ടത്.
മാല കളഞ്ഞുകിട്ടിയതാണെന്നോ ബോധപൂർവം കൈക്കലാക്കിയതാണെന്നോ വ്യക്തമാക്കുന്നില്ലെങ്കിലും കത്തിൽ ഇങ്ങനെ പറയുന്നു: ‘ഈ മാല എന്റെ കൈയിൽ കിട്ടിയിട്ട് ഇന്നേക്ക് ഒൻപതുദിവസമായി. ആദ്യം സന്തോഷിച്ചു. കൈയിൽ എടുക്കുന്തോറും എന്തോ ഒരു ‘നെഗറ്റീവ് ഫീലിങ്സ്’. ഒരു വിറയൽ. പിന്നെ, കുറെ ആലോചിച്ചു. എന്തു ചെയ്യണം. വാട്സാപ്പ് മെസേജ് കണ്ടു. കെട്ടുതാലിയാണ്. പിന്നെ, തീരുമാനിച്ചു. വേണ്ട, ആരാന്റെ മുതൽ വേണ്ടാന്ന്. അങ്ങനെ മേൽവിലാസം കണ്ടുപിടിച്ചു. എന്നെ പരിചയപ്പെടുത്താൻ താത്‌പര്യമില്ല. ഇത്രയും ദിവസം കൈയിൽ വെച്ചതിന് മാപ്പ്. വേദനിപ്പിച്ചതിനും മാപ്പ്’. കുണ്ടംകുഴി എന്നും കത്തിനൊടുവിൽ എഴുതിയിട്ടുണ്ട്.
‘ഞങ്ങൾക്ക് ഏതായാലും മാല നഷ്ടപ്പെട്ടു. അത് ലഭിക്കുന്നയാളെങ്കിലും കഷ്ടപ്പാടുകൾ മാറി നന്നായി ജീവിക്കട്ട’യെന്നാണ് മാല നഷ്ടപ്പെട്ടപ്പോൾ തോന്നിയതെന്നും ‘പ്രാർഥനയ്ക്ക് ദൈവംതന്ന പ്രതിഫലമാണ് ആ മാന്യ സുഹൃത്തിന് ഇങ്ങനെ ചെയ്യാൻ തോന്നിയ’തെന്നും വിശ്വസിക്കുന്നതായി ദാമോദരൻ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ മാല നഷ്ടപ്പെട്ട വിവരം പങ്കുവെച്ചവർക്ക് ഇരുവരും നന്ദിയറിയിച്ചു.