ദില്ലി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകി. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ടത്. ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ വിമാനക്കമ്പനികളെ ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശമുണ്ട്.
യാത്രക്കാർക്ക് നേരിട്ട പ്രയാസം പരിഹരിക്കാൻ ജീവനക്കാർ എല്ലാ വിധ സഹായവും നൽകുന്നതായി എയർ ഇന്ത്യ അറിയിച്ചു. അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും ഇത് തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു. ഓൺലൈനായി വിമാനത്തിൻ്റെ സമയം പരിശോധിക്കണമെന്നും യാത്രക്കാർക്ക് കമ്പനി നിർദേശം നൽകി.
