യാത്രക്കാർ ഇനി ശുചിമുറികൾ കണ്ടെത്താൻ വലയേണ്ട; ആശ്വാസമായി ‘ക്ലൂ’ ആപ്പ്; ഉദ്ഘാടനം ഡിസംബർ 23-ന്

news image
Dec 21, 2025, 3:27 pm GMT+0000 payyolionline.in

യാത്ര ചെയ്യുന്ന ആളുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വൃത്തിയുള്ള ശുചിമുറികളുടെ അഭാവം ഇതിനൊരു പരിഹാരവുമായി വന്നിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ  ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ.

യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ഡിസംബർ 23-ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി  എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  നിർവ്വഹിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികൾക്ക് പുറമെ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലർത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ശുചിമുറികൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ശൃംഖല വിപുലീകരിച്ചിരിക്കുന്നത്.

ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവർത്തന സമയം, അവിടത്തെ സൗകര്യങ്ങളായ പാർക്കിംഗ് തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിംഗുകളും ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ  സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe