കറുത്ത എസ്‌യുവികളുടെ ഒരു വലിയ നിരയും ആയുധധാരികളായ ഗാർഡുകളും ആണ് “ഇസഡ് പ്ലസ് സെക്യൂരിറ്റി” എന്നാണോ നിങ്ങളുടെ വിചാരം ? എന്നാൽ അത് തെറ്റി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്ന ഒരു വീഡിയോ അവയെല്ലാം തെറ്റാണെന്ന് തെളിച്ചിരിക്കുകയാണ്. കാരണമല്ലേ ? ആരോഗ്യമുള്ള ഒരു തെരുവ് നായയുടെ മുകളിൽ ശാന്തമായി ഒരു കൊച്ചു പെൺകുട്ടി സവാരി ചെയ്യുന്നു, ഒപ്പം ഒരു സംരക്ഷണ സംഘത്തെപ്പോലെ അവളുടെ അരികിൽ നടക്കുന്ന മറ്റ് ആറ് നായകളേയും കാണാം. ഇതിലും വലിയ സംരക്ഷണം അവൾക്ക് ഇനി കിട്ടാനില്ലെന്ന് വേണമെങ്കിൽ പറയാം. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്.
ഒറ്റനോട്ടത്തിൽ, നഗരത്തിലെ ഒരു തെരുവിൽ പെൺകുട്ടിയുടെ അരികിലൂടെ ഒരു കൂട്ടം നായ്ക്കൾ നടക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ അവൾ അവയ്‌ക്കൊപ്പം നടക്കുക മാത്രമല്ല, യഥാർത്ഥത്തിൽ ഒരു നായയുടെ പുറത്ത് സവാരി ചെയ്യുകയാണെന്ന് സൂക്ഷിച്ച് നോക്കിയാൽ കാണാം.
പോകുന്ന വഴി, നായ ഒരു റോഡ് ഡിവൈഡറിന് സമീപം നിൽക്കുന്നു. പെൺകുട്ടി നായയുടെ മുകളിൽ നിന്നും ഇറങ്ങി, അവളുടെ കൂട്ടുകാരൻ തടസ്സം മറികടക്കുമ്പോൾ കാൽനടയായി കുറച്ച് ദൂരം നടക്കുന്നു, തുടർന്ന് “രാജകീയ ഘോഷയാത്ര” യുടെ അടുത്ത ഘട്ടത്തിനായി തിരികെ നായയുടെ മുകളിൽ കയറുന്നു.വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് വ്യക്തമല്ലെങ്കിലും വീഡിയോയോടുള്ള പ്രതികരണത്തിൽ കുറവൊന്നുമില്ല. ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ്, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പങ്കിട്ട ഈ വീഡിയോ ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളും കൗതുകകരമായ അഭിപ്രായങ്ങളും നേടി. “യഥാർത്ഥ Z+ സുരക്ഷ”, എന്നാണ് പലരും കുറിച്ചത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മനോഹരമായ ബന്ധത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.