തിരുവല്ല: പരുമലയിലെ തിക്കപ്പുഴയിൽ വയോധികരായ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങൾ എന്ന് പൊലീസ്. പരുമല നാക്കട കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി (76), ശാരദ (68) എന്നിവരെ കൊലപ്പെടുത്തിയ മകൻ സ്വത്ത് സംബന്ധിച്ച് മാതാപിതാക്കളോട് കലഹിക്കുന്നത് പതിവായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കുടുംബ പ്രശ്നങ്ങൾ ആണ് കൊലപാതക കാരണമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും സ്ഥിരീകരിച്ചു.
ഇവരുടെ മകൻ കൊച്ചുമോൻ എന്ന അനിൽകുമാറിന്റെ (50) മർദനം സഹിക്കവയ്യാതെ ഏതാനും മാസം മുമ്പ് വീടുവിട്ടിറങ്ങിയ മാതാപിതാക്കൾ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് അനിൽ മാതാപിതാക്കളെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നു. ഇന്ന് രാവിലെ എട്ടു മണിയോടെ വീണ്ടും കലഹം ഉണ്ടായി. ഇതേ തുടർന്ന് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അനിൽ ഇരുവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ ഇരുവരും വീട്ടുമുറ്റത്തേക്ക് ഓടിയിറങ്ങിയെങ്കിലും പിന്നാലെ എത്തിയ അനിൽ വീണ്ടും പലതവണ വെട്ടി. ഇരുവരുടെയും ശരീരത്താകമാനം നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്. കൊലപാതകശേഷം അക്രമാസക്തനായി നിന്ന ഇയാളെ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു
ഫോറൻസിക് സംഘം എത്തി പരിശോധനക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകൻ അനിൽ പുളിക്കീഴ് പൊലീസിന്റെ കസ്റ്റഡിയിലാണ്.