‘മൻമോഹൻ അമർ രഹേ ‘; പുർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ

news image
Dec 28, 2024, 8:08 am GMT+0000 payyolionline.in

ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇനി ജനമനസുകളിൽ ജീവിക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ ഡൽഹിയിലെ നിഗംബോധ് ഘാട്ടിൽ നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കോൺഗ്രസ് നേതാക്കളായ ​രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ തുടങ്ങിയ രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പ​ങ്കെടുത്തു.

എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ് ഘട്ടിലെ സംസ്കാരസ്ഥലത്ത് എത്തിച്ചത്.എ.ഐ.സി.സി ആസ്ഥാനത്ത് മൻമോഹൻ സിങിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഡി.കെ ശിവകുമാർ വിവിധ കോൺഗ്രസ് മുഖ്യമന്ത്രിമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.

ഡല്‍ഹിയിലെ വസതിയിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതിക ശരീരത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാൾ, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാൽ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമർപ്പിച്ചിരുന്നു. സൈന്യം മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തിൽ ദേശീയപതാക പുതപ്പിച്ചു.

മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe