മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണ കുറിപ്പ്: ന്യൂസ് എഡിറ്ററെ സസ്​പെൻഡ് ചെയ്തു

news image
Sep 23, 2024, 8:13 am GMT+0000 payyolionline.in

കണ്ണൂർ: നടി കവിയൂർ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പേരിൽ തെറ്റായ വിവരങ്ങളടങ്ങിയ അനുസ്മരണ കുറിപ്പ് നൽകിയതുമായി ബന്ധപ്പെട്ട് ദേശാഭിമാനി കണ്ണൂർ യൂനിറ്റ് ന്യൂസ് എഡിറ്റർ എ.വി. അനിൽകുമാറിനെ സ്ഥാപനത്തിൽ നിന്ന് സസ്​പെൻഡ് ചെയ്തു. ദേശാഭിമാനി ഫീച്ചർ ​ഡെസ്കിന്റെ ചുമതല വഹിച്ചിരുന്ന അനിൽകുമാർ സ്വന്തമായി എഴുതിയ അനുസ്മരണ കുറിപ്പിന് മോഹൻലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര് വെച്ചതും അതിൽ സാരമായ തെറ്റ് വന്നതും ഗുരുതരമായ കുറ്റമായി ദേശാഭിമാനി മാനേജ്മെന്റും സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റും കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ. ഇദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്നാണ് സൂചന.

ന്യൂസ് എഡിറ്ററുടെ ചുമതല സ്പെഷൽ കറസ്പോണ്ടൻറ് പി. സുരേശന് നൽകി. തുടർ അന്വേഷണത്തിന് കമ്മിറ്റിയും രൂപവത്കരിക്കും. ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തിൽ ‘അമ്മ, പൊന്നമ്മ’എന്ന തലക്കെട്ടിൽ മോഹൻലാൽ എന്ന പേരിൽ പ്രസിദ്ധീകരിച്ച അനുസ്മരണ കുറിപ്പാണ് വിവാദമായത്. മോഹൻലാലിന്റെ അമ്മ മരിച്ചതായാണ് ഇതിൽ സൂചിപ്പിച്ചത്. ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

 

“…എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതാണെന്നാണ് മനസ്സിലാക്കുന്നത്. രണ്ട് പ്രിയപ്പെട്ട അമ്മമാരിൽ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോൾ അത്രമേൽ ആഴത്തിൽ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു…”.-എന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നത്.

മാധ്യമങ്ങളുടെ നുണ പ്രചാരണത്തിനെതിരെ ദേശാഭിമാനിയും പാർട്ടിയും രംഗത്ത് വന്ന സന്ദർഭത്തിൽ ദേശാഭിമാനിയിൽ വന്ന ഈ കുറിപ്പ് വൻ തിരിച്ചടിയായതായും സി.പി.എം. കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe